നെടുമങ്ങാട്: കോടതി ജാമ്യം നൽകിയ പ്രതിയെ കോടതി വരാന്തയിൽ കയറി ബലാൽകാരമായി പിടിച്ചുകൊണ്ടു പോയ പൊലീസുകാരന് എതിരെ നെടുമങ്ങാട് കോടതി കേസെടുത്തു. പ്രതിക്കൊപ്പമുണ്ടായിരുന്ന അഭിഭാഷകനെ കോടതിയിൽ കയറി ആക്രമിച്ച ശേഷമാണ് പ്രതിയെ വട്ടിയൂർക്കാവ് സ്റ്റേഷനിലെ പോലീസുകാരൻ പിടിച്ചുകൊണ്ടു പോയത്. ഒരു ക്രിമിനൽ കേസിൽ ജാമ്യ നടപടികൾ പൂർത്തിയാക്കി കൊണ്ടിരിക്കുന്നതിനിടയിലാണ് ബലമായി വീണ്ടും അറസ്റ്റ് ചെയ്തത്.
മർദനമേറ്റ അഭിഭാഷകൻ അറസ്റ്റിനെതിരെ മജിസ്ട്രേറ്റിന് നൽകിയ പരാതിയിൽ പൊലീസുകാരനെതിരെ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് പി. അരവിന്ദൻ കേസ് എടുത്തു. അറസ്റ്റ് ചെയ്ത് കൊണ്ടുപോയ പ്രതിയെ തിരികെ കോടതിയിൽ ഹാജരാക്കണമെന്ന് വട്ടിയൂർക്കാവ് പൊലീസ് എസ്.എച്ച്.ഒക്ക് കോടതി ഫോണിലൂടെ നിർദേശം നൽകിയെങ്കിലും തിരികെ ഹാജരാക്കിയില്ല.
അകാരണമായും അന്യായമായും അഭിഭാഷകനെ മർദിച്ച സിവിൽ പൊലീസ് ഓഫിസറെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്യണമെന്നും, അല്ലാത്ത പക്ഷം തിങ്കളാഴ്ച കോടതി നടപടികൾ ബഹിഷ്കരിച്ച് സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും നെടുമങ്ങാട് ബാർ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.