തൃശൂർ: പുത്തൂർ സഹരണബാങ്കിൽ ഫിക്സ്ഡ് ഡെപ്പോസിറ്റ് ആയി പണം നിക്ഷേപിച്ചവർക്ക് നൽകാൻ ബാഗുകൾ വിതരണം ചെയ്യാനെന്ന പേരിൽ ബാങ്കിൽ നിന്നും പണാപഹരണം നടത്തിയ സെക്രട്ടറിയും ബോർഡ് അംഗവും കുറ്റക്കാരെന്ന് തൃശൂർ വിജിലൻസ് കോടതി. ഇവർക്ക് 3 വർഷം കഠിനതടവിനും 3,30,000 രൂപ വീതം പിഴയുമാണ് കോടതി വിധിച്ചത്. 2002-ലാണ് സംഭവം. ബാങ്ക് സെക്രട്ടറി പുരുഷോത്തമൻ, ഭരണ സമിതി അംഗമായിരുന്ന ഓമന ജോണി എന്നിവരെയാണ് തൃശൂർ വിജിലൻസ് കോടതി ജഡ്ജി ജി അനിൽ ശിക്ഷിച്ചത്. പ്രസിഡന്റ് സുരേഷിനെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു. സ്ഥിരനിക്ഷേപം നടത്തിയ ആളുകൾക്ക് വിതരണം ചെയ്യാൻ ബാഗ് മേടിച്ചു എന്ന് കാണിച്ച് വ്യാജബില്ലുണ്ടാക്കി 88,000 രൂപ തട്ടിയെടുത്തെന്നാണ് കോടതി കണ്ടെത്തിയത്. ഓമന ജോണിയാണ് തനിക്ക് പരിചയമുള്ള ഒരു ബാഗ് നിർമാണ ഷോപ്പിന്റെ വ്യാജ ബിൽ ഹാജരാക്കിയത്. വിജിലൻസിനു വേണ്ടി പ്രോസിക്യൂട്ടർ ഇ ആർ സ്റ്റാലിൻ ഹാജരായി.