റായ്പൂർ: ഭർത്താവ് ഫോൺ വാങ്ങി വെച്ചതിൽ മനം നൊന്ത് യുവതി ജീവനൊടുക്കി. ഛത്തീസ്ഗഡിലെ ഭിലായിൽ ആണ് സംഭവം. സോഷ്യൽ മീഡിയയിൽ അഡിക്ടായി യുവതി ദിവസം മുഴുവനും കളയുന്നുവെന്ന് ആരോപിച്ച് ഭർത്താവ് ഫോൺ വാങ്ങി വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ. നിർമ്മാണ തൊഴിലാളിയായ ഭൂപേന്ദ്ര സാഹുവിന്‍റെ ഭാര്യ രചന സാഹുവാണ് വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ചത്. സംഭവ ദിവസം രാവിലെ ഭൂപേന്ദ്രയും ഭാര്യയും തമ്മിൽ വഴക്കിട്ടിരുന്നു. ഭാര്യ വീട്ടുജോലികളെടുക്കുന്നില്ലെന്നും മകളെ നോക്കുന്നില്ലെന്നും പറഞ്ഞ് ഭൂപേന്ദ്ര രചനയെ വഴക്ക് പറഞ്ഞു. പിന്നാലെ രചനയുടെ മൊബൈൽ ഫോണും പിടിച്ച് വാങ്ങി.
യുവതി എപ്പോഴും മൊബൈൽ ഫോണിലായിരുന്നുവെന്നും ഇൻസ്റ്റഗ്രാമിൽ റീൽസ് ഇടുന്നതും വീഡിയോകൾ കാണുന്നതും പതിവായിരുന്നുവെന്നാണ് ഭർത്താവ് പറയുന്നത്. വീട്ടു ജോലികൾ പോലും നടക്കാതെ വന്നതോടെയാണ് താൻ വഴക്കിട്ടതെന്നും ഭൂപേന്ദ്ര പറഞ്ഞു. ആറ് വർഷം മുമ്പാണ് ഇരുവരും വിവാഹിതരാകുന്നത്. ഇവർക്ക് 5 വയസുള്ള ഒരു മകളുണ്ട്. സംഭവ ദിവസം ഫോൺ ഉപയോഗത്തെ ചൊല്ലി വഴക്കിട്ട് പിരിഞ്ഞതാണ്. പിന്നീട് ജോലി സ്ഥലത്തേക്ക് ഭൂപേന്ദ്രക്ക് ഒരു ഫോൺ വന്നു, ഭാര്യ വാതിൽ തുറക്കുന്നില്ലെന്നും ആത്മഹത്യ ചെയ്തതായും. വിവരമറിഞ്ഞ് ഓടിയെത്തിയപ്പോഴേക്കും യുവതി ജീവനൊടുക്കിയിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഭൂപേന്ദ്ര എത്തുന്നതിന് മുമ്പ് തന്നെ ബന്ധുക്കളും അയൽവാസികളും വാതിൽ തകർത്ത് അകത്ത് കയറി യുവതിയെ കെട്ടഴിച്ച് താഴെയിറക്കിയിരുന്നു.
ഭൂപേന്ദ്ര തന്‍റെ ബന്ധുക്കളോടൊപ്പം ഇരുനില വീട്ടിലായിരുന്നു താമസം. മുകളിലെ നിലയിലായിരുന്നു ഭപേന്ദ്രയും ഭാര്യയും മകളും കഴിഞ്ഞിരുന്നത്. രാവിലെ ഭർത്താവ് ജോലിക്ക് പോയതിന് പിന്നാലെ രചന മകളെയും കൊണ്ട് മുകളിലെ നിലയിലേക്ക് പോയി മുറിയിൽ കയറി വാതിലടച്ചു. പിന്നാലെ മകളുടെ കരച്ചിൽ കേട്ട് ബന്ധുക്കൾ രണ്ടാം നിലയിലേക്ക് ഓടിയെത്തി. അപ്പോഴാണ് വാതിൽ അകത്ത് നിന്നും പൂട്ടിയ നിലയിൽ കണ്ടെത്തിയത്. ഇതോടെ നാട്ടുകാരുടെ സഹായത്തോടെ വാതിൽ പൊളിച്ച് അകത്ത് കയറി. കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു രചന. ഉടനെ തന്നെ കെട്ടഴിച്ച് താഴെയിറക്കിയെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.