ന്യൂഡെൽഹി: കണ്ണൂര്‍ സർവകലാശാലയിൽ അസോസിയേറ്റ് പ്രഫസർ തസ്തികയിൽ പ്രിയ വർഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി ജഡ്ജിയുടെ നിരീക്ഷണം. ചട്ടംതെറ്റായി വ്യാഖ്യാനിച്ചുവെന്നാണ് ഹർജി പരിഗണിച്ച ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സഞ്ജയ് കരോൾ നിരീക്ഷിച്ചത്. യു.ജി.സി സെക്‌ഷൻ മൂന്നിലെ വ്യാഖ്യാനം സംബന്ധിച്ചാണ് കോടതി സംശയമുയർത്തിയത്.
യുജിസി ചട്ടത്തിലെ മൂന്ന് (11) വകുപ്പ് പ്രകാരം എം.എഫിൽ, പി.എച്ച്.ഡി എടുക്കുന്ന കാലയളവ് ടീച്ചിങ് എക്സി പീരിയൻസായി കണക്കാക്കാനാകില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. ഇത് തെറ്റായി വ്യാഖ്യാനിച്ചാണ് ഹൈക്കോടതി ഉത്തരവിറക്കിയത് എന്നും സുപ്രീംകോടതി ചോദിച്ചു. ജസ്റ്റിസുമാരായ ജെകെ മഹേശ്വരി, സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
എന്നാൽ ഇതിന് വിശദമായ മറുപടി സമർപ്പിക്കാനുണ്ടെന്ന് പ്രിയ വര്‍ഗീസിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകന്‍ നിധീഷ് ഗുപ്ത, അഭിഭാഷകരായ കെ.ആര്‍ സുഭാഷ് ചന്ദ്രന്‍, ബിജു പി. രാമന്‍ എന്നിവർ കോടതിയെ അറിയിച്ചു. ഇതംഗീകരിച്ച് കോടതി രണ്ടാഴ്ച സമയം അനുവദിച്ചു.
യോഗ്യതയുടെയും, മെറിറ്റിന്റെയും അടിസ്ഥാനത്തിലാണ് തന്റെ നിയമനം എന്നും ചട്ടങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി സെലക്ഷൻ കമ്മിറ്റി തീരുമാനം റദ്ദാക്കാനാകില്ലന്ന് വ്യക്തമാക്കി പ്രിയ വർഗീസ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയത്. പ്രിയ വർഗീസിനെ പിന്തുണച്ച് സംസ്ഥാന സർക്കാരും സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.
കേസ് നാലാഴ്ച്ച കഴിഞ്ഞ് പരിഗണിക്കാൻ സുപ്രീംകോടതി മാറ്റി. കേസിൽ യു.ജി.സിക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം. നടരാജ് ഹാജരായി. കേസിവെ മറ്റു കക്ഷികൾക്കായി മുതിർന്ന അഭിഭാഷകൻ പി.എൻ രവീന്ദ്രൻ അഭിഭാഷകരായ പി. എസ്. സുധീര്‍, അതുല്‍ ശങ്കര്‍ വിനോദ് എന്നിവര്‍ ഹാജരായി.