ചെന്നൈ> വനിതാ മാധ്യമപ്രവര്‍ത്തകരെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ നടനും ബിജെപി നേതാവുമായ എസ് വി ശേഖറിന് ചെന്നൈ പ്രത്യേക കോടതി ഒരു മാസം തടവും 15,000 രൂപ പിഴയും വിധിച്ചു.
ശിക്ഷയ്‌ക്കെതിരെ മദ്രാസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള അപേക്ഷ പ്രത്യേക കോടതി ജഡ്ജി അനുവദിച്ചു. പിഴ ഈടാക്കിയ ശേഷം ശേഷം അപ്പീല്‍ പരിഗണിച്ച് ശിക്ഷ താത്കാലികമായി സ്റ്റേ ചെയ്തു.
നേരത്തെ കേസ് കെട്ടിച്ചമച്ചതാണെന്ന അവകാശവാദവുമായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. മുന്‍ എം എല്‍ എ കൂടിയായ ശേഖറന്റെ അപേക്ഷ അന്ന് ഹൈക്കോടതി മധുര ബെഞ്ച് പരിഗണിക്കാന്‍ കൂട്ടാക്കിയില്ല. വാളിൽ ഷെയർ ചെയ്യുന്ന കാര്യങ്ങളുടെ ഉത്തരവാദിത്തം അവരവർക്കുണ്ടെന്ന് കോടതി പറഞ്ഞു.
2018-ലാണ് ശേഖര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ അപകീര്‍ത്തിപ്പെടുത്തുന്ന കമന്റ് ഷെയര്‍ ചെയ്തത്. അന്നത്തെ തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരി ലാല്‍ പുരോഹിത് വനിതാ മാധ്യമ പ്രവര്‍ത്തകയുടെ കവിളില്‍ തലോടിയ സംവഭത്തെ തുടന്നുള്ള പ്രക്ഷോഭത്തിനിടെയാണ് ഇത്.
തമിഴ് നാട്ടിലെ മാധ്യമ പ്രവര്‍ത്തകര്‍ നിലവാരമില്ലാത്തവരാണ്. അവര്‍ക്ക് തൊഴില്‍ ലഭിക്കുന്നത് കിടക്ക പങ്കിട്ടാണ് തുടങ്ങിയ പോസ്റ്റിലെ പ്രയോഗങ്ങള്‍ വന്‍ പ്രതിഷേധം ഉയര്‍ത്തി. ഗവര്‍ണറെയും നരേന്ദ്രമോദിയെയും അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യം വെച്ചാണ് കവിളില്‍ തലോടിയ സംഭവം വിവാദമാക്കിയത് എന്ന് ആരോപിച്ചുള്ള സുഹൃത്തിന്റെ പോസ്റ്റ് ശേഖര്‍ ഷെയര്‍ ചെയ്യുകയായിരുന്നു. ”മധുര യൂണിവേഴ്‌സിറ്റ് കേസ്, ഗവര്‍ണറും കന്യകയുടെ കവിളും” എന്ന തലക്കെട്ടിലാണ് പോസ്റ്റ് പ്രചരിപ്പിച്ചത്.
ശക്തമായ പ്രതിഷേധത്തിനിടെ തമിഴ്‌നാട് ജേര്‍ണലിസ്റ്റ് പ്രൊട്ടക്ഷന്‍ അസോസിയേഷന്‍ ചെന്നൈ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ സൈബര്‍ ക്രൈം സെല്ലില്‍ പരാതി നല്‍കി. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും സ്ത്രീകളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരവും ശേഖറിനെതിരേ കേസെടുത്തു.
2019-ല്‍ ചെന്നൈ ജില്ലാ കലക്ടറേറ്റിലെ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരായ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
പരാതിയിലെ ആരോപണങ്ങള്‍ സംശയാതീതമായി തെളിയിക്കപ്പെട്ടതായി കോടതി കണ്ടെത്തി. ശേഖര്‍ കുറ്റക്കാരനാണെന്നും പ്രത്യേക കോതടി ജഡ്ജി ജി ജയവേല്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണ് ഒരു മാസത്തെ തടവും 15,000 രൂപ പിഴയും വിധിച്ചത്.