ലണ്ടൻ: യു.കെയിലെ സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗം പൂർണമായി നിരോധിക്കാനൊരുങ്ങി അധികൃതർ. ക്ലാസ്മുറികളിൽ കുട്ടികളുടെ സ്വഭാവം മെച്ചപ്പെടുത്താനും പഠനത്തിലേക്ക് ശ്രദ്ധതിരിച്ചുവിടാനുമാണിതെന്ന് ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു.
”കുട്ടികൾക്ക് അറിഞ്ഞു വളരാനുള്ള ഇടമാണ് സ്കൂളുകൾ. ക്ലാസ്മുറികളിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് കുട്ടികളുടെ ശ്രദ്ധമാറിപ്പോകാൻ കാരണമാകുന്നു. അത് കുറച്ചുകൊണ്ടുവരികയാണ് ലക്ഷ്യം. ഇതിലൂടെ ഞങ്ങളുടെ കഠിനാധ്വാനികളായ അധ്യാപകർക്ക് നന്നായി പഠിപ്പിക്കാനുമുള്ള അവസരമൊരുക്കുകയും ചെയ്യാം.”- എന്നാണ് മൊബൈൽ നിരോധനം സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച മാർഗനിർദേശങ്ങളിൽ പറയുന്നത്. സ്കൂളുകളിൽ പൂർണമായി മൊബൈൽ ഫോൺ നിരോധിക്കുകയാണ് ലക്ഷ്യമെന്നും ഇന്റർബെൽ സമയങ്ങളിലും ഉച്ച ഭക്ഷണസമയത്തും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതടക്കം നിരോധിക്കുമെന്നും മാർഗനിർദേശത്തിലുണ്ട്.സമ്പൂർണ മൊബൈൽ ഫോൺ നിരോധനത്തിന് ചിലമാർഗങ്ങളും പറയുന്നുണ്ട്. സ്കൂളുകളിലേക്ക് വരുന്നതിന് മുമ്പ് മൊബൈൽ ഫോണുകൾ വീടുകളിൽ തന്നെ സൂക്ഷിക്കുക. അതല്ലെങ്കിൽ ക്ലാസ്മുറികളിലെത്തിയാലുടൻ മൊബൈൽ ഫോണുകൾ അധ്യാപകർക്കു കൈമാറുക. മൊബൈൽ ഫോണുകൾ കുട്ടികൾ കാണാത്ത ഇടങ്ങളിൽ സൂക്ഷിക്കുക. ഇനിയിതൊന്നുമല്ലെങ്കിൽ ഒരിക്കലും സ്കൂൾസമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കില്ലെന്ന് ഉറപ്പുവാങ്ങി കുട്ടികളോട് തന്നെ അവരുടെ ബാഗുകളിൽ മൊബൈൽ സൂക്ഷിക്കാൻ ആവശ്യപ്പെടാം.
ഈ നിയമങ്ങൾ ലംഘിക്കുന്നവരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കാനും സ്കൂൾ ജീവനക്കാർക്ക് അധികാരമുണ്ട്. നിയമലംഘനം തുടർക്കഥയായാൽ കുട്ടികളെ ശിക്ഷിക്കുകയും ചെയ്യാം. മൊബൈൽ ഫോൺ ഉപയോഗം കുറക്കുന്നത് കൂടുതൽ സമയം ലഭിക്കാൻ കാരണമാകും. മൊബൈൽ ഒഴിവാക്കുമ്പോൾ സമാന പ്രായക്കാരുമായുള്ള മുഖാമുഖ ആശയവിനിമയം സാധ്യമാകുന്നു. അടുത്തുള്ളവരെ പരിഗണിക്കാൻ സാധിക്കുന്നു. മാനസിക വളർച്ചക്ക് ഈ സാമൂഹിക ബന്ധം സഹായിക്കുന്നു.