റാഞ്ചി: കുടുംബ വഴക്കിനെ തുടർന്ന് യുവതി മൂന്ന് കുട്ടികളെയും എടുത്ത് കിണറ്റിൽ ചാടി. ഓടിക്കൂടിയ നാട്ടുകാർ യുവതിയെ രക്ഷപ്പെടുത്തിയെങ്കിലും കുട്ടികള്‍ മൂന്ന് പേരും മരിച്ചു. ഭർത്താവ് വീട്ടിൽ നിന്ന് പോയ ശേഷമായിരുന്നു യുവതിയുടെ കടുംകൈ. ജാർഖണ്ഡിലെ സെറൈകെല – ഖര്സ്വാൻ ജില്ലയിലാണ് സംഭവം. പൂജ മഹാതോ എന്ന യുവതിയാണ് ഭർത്താവുമായി കലഹിച്ചത്. തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് പോകുന്നതിനെച്ചൊല്ലി പൂജയും ഭര്‍ത്താവും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന് ശേഷം ഭർത്താവ് ചില ജോലികള്‍ക്കായി റാഞ്ചിയിലേക്ക് പോയി. ഈ സമയത്താണ് മൂന്ന് കുട്ടികളെയുമെടുത്ത് പൂജ വീട്ടിലെ കിണറ്റിൽ ചാടിയതെന്ന് സബ് ഡിവിഷണൽ പൊലീസ് ഓഫീസർ ദിലിപ് ഖൽകോ പറഞ്ഞു.
യുവതിയെ നാട്ടുകാർ രക്ഷപ്പെടുത്തി ഖർസ്വാനിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. കോമൾ കുമാരി (9), അനന്യ മഹാതോ (5), ആര്യൻ മഹാതോ എന്നിവരാണ് മരിച്ചത്. വിവരം ലഭിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി മൂന്ന് കുട്ടികളുടെയും മൃതദേഹം പുറത്തെടുത്തു. കുട്ടികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി മാറ്റിയിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.