തിരുവനന്തപുരം > ഇലക്ടറൽ ബോണ്ടിന്റെ കാര്യത്തിൽ കോടതിയിൽ നിന്നുണ്ടായ തിരിച്ചടിയുടെ ഇളിഭ്യത മറയ്ക്കാനാണ് ശ്രീകൃഷ്ണന്റെ ഉപമയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തിറങ്ങിയതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി. ശ്രീകൃഷ്ണൻ സതീർത്ഥ്യനായ കുചേലനിൽ നിന്ന് അവൽപ്പൊതി വാങ്ങി മണിമാളക സമ്മാനിച്ചതു പോലെയാണ് തന്റെ പ്രവൃത്തികൾ എന്ന മുടന്തൻ ന്യായവുമായി വരുന്ന നരേന്ദ്ര മോദി യഥാർഥത്തിൽ ശ്രീകൃഷ്ണനെ പരിഹസിക്കുകയാണ്. കുത്തകമുതലാളിമാരുടെ ദാസനായി അവരുടെ പണവും വാങ്ങി ഭരിച്ച തന്നെപ്പോലെ ഒരു അഴിമതിക്കാരനാണ് കൃഷ്ണൻ എന്നാണ് മോദി ഫലത്തിൽ പറയുന്നതെന്നും എം എ ബേബി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
അദാനിയുടെയും അംബാനിയുടെയും ഇലക്ട്രൽ ഫണ്ട് വാങ്ങി അവർക്ക് എയർപോർട്ടുകളും തുറമുഖങ്ങളും എണ്ണ വ്യാപാരവും ടെലികോമും എഴുതിക്കൊടുക്കാൻ നരേന്ദ്രമോദി ഭഗവാനോ രാജാവോ അല്ല. രാജാവ് എന്നാണ് മോദി സ്വയം വിചാരിക്കുന്നതെങ്കിലും. ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നാണ് ഇലക്ടറൽ ബോണ്ട് എന്ന പേരിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്നത്. നിയമപരമാക്കിയ അഴിമതിയായിരുന്നു അത്. 2023 മാർച്ച് മാസം വരെ മുതലാളിമാരിൽ നിന്ന് ആറായിരത്തഞ്ഞൂറു കോടി രൂപയാണ് ബിജെപി ഈ പേരിൽ വാങ്ങിയത്. (അധികാരത്തിലില്ലെങ്കിലും കോൺഗ്രസും 1120 കോടി വാങ്ങി). ഈ കൈപ്പറ്റലിന് പ്രത്യുപകാരമായി എന്തൊക്കെ സൗജന്യങ്ങളാണ് മോദി സർക്കാർ ചെയ്തുകൊടുത്തത് എന്നത് ഇനി പുറത്തു വരാനുണ്ട്- എം എ ബേബി പറഞ്ഞു.
സിപിഐ എം മുൻകൈ എടുത്ത നിയമയുദ്ധത്തിലൂടെയാണ് പൂർണമായും ഭരണഘടനാവിരുദ്ധമായ ഈ പരിപാടി കോടതി അവസാനിപ്പിച്ചത്. നിയമവിരുദ്ധമെന്നും ഭരണഘടനാവിരുദ്ധമെന്നും ചീഫ് ജസ്റ്റീസ് ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് വിധിച്ച ഈ അഴിമതിപ്പണം മുഴുവൻ കുത്തകചൂഷകരുടെ കാര്യസ്ഥകക്ഷികളിൽനിന്നും ഒട്ടും വൈകാതെ തിരിച്ചുപിടിക്കാനുള്ള നടപടികളും ആവശ്യമാണ്. അത് സമൂഹത്തിന് പ്രയോജനപ്പെടും വിധം വിനിയോഗിക്കേണ്ടതാണ്. സിപിഐ എം മാത്രമാണ് ഈ അഴിമതിപ്പണം വാങ്ങാത്ത ഏക ദേശീയരാഷ്ട്രീയകക്ഷി എന്നത് അഭിമാനകരമാണെന്നും എം എ ബേബി കുറിപ്പിൽ പറഞ്ഞു.