കൊച്ചി : റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകാതെ ടോള്‍ പിരിക്കാനുള്ള നീക്കത്തിനെതിരെ സമരവുമായി ഡിവൈഎഫ്ഐയും ബിജെപിയും. വടക്കഞ്ചേരി, തൃശ്ശൂര്‍ ദേശീയപാതയിലെ പന്നിയങ്കര ടോള്‍ പ്ലാസയ്ക്കെതിരെയാണ് പ്രതിഷേധം. കുതിരാന്‍ തുരങ്കം പൂര്‍ത്തിയാവുന്നതിന് പിന്നാലെ ടോള്‍ പിരിവിനുള്ള നീക്കം കരാര്‍ കമ്പനി ആരംഭിച്ചിരുന്നു. ദേശീയ പാതയില്‍ സര്‍വ്വീസ് റോഡോ, മലിനജലമൊഴുകുന്ന കാനയോ ഏര്‍പ്പെടുത്തിയിരുന്നില്ല.
തദ്ദേശവാസികളുടെ സൗജന്യ പാസിലും തീരുമാനമായില്ല. ഈ പശ്ചാത്തലത്തിലാണ് മൂന്ന് ദിവസമായുള്ള ഡിവൈഎഫ്ഐ സമരം. പണി പൂര്‍ത്തിയാവാതെ ടോള്‍ പിരിവ് അനുവദിക്കില്ലെന്ന് ജില്ലാ സെക്രട്ടറി ടി എം ശശി പറഞ്ഞു. ടോള്‍ പ്ലാസ ഉപരോധിക്കുകയും ചെയ്തു. ഒറ്റവരി സമരം നടത്തിയാണ് ബിജെപി പ്രതിഷേധിച്ചത്. നിര്‍മാണം പൂര്‍ത്തിയായില്ലെങ്കിലും ടോള്‍ പിരിക്കാനുള്ള സംവിധാനങ്ങള്‍ സജ്ജമായി. ട്രയല്‍ സ്കാനിങ്ങും തുടങ്ങി.