തിരുവനന്തപുരം: വയനാട് പൂക്കോട് ഗവ. വെറ്റിനറി കോളജ് രണ്ടാം വർഷ ബി.വി.എസ്.സി ആൻഡ് എ.എച്ച് വിദ്യാർഥി നെടുമങ്ങാട് വിനോദ് നഗർ സ്വദേശി സിദ്ദാർത്ഥൻ (20) ഹോസ്റ്റലിലെ ശുചി മുറിയിൽ തൂങ്ങി മരിക്കാനിടയായ സംഭവതികച്ചും ദൗർഭ്യാഗകരമാണെന്നും വിഷയത്തിൽ കുറ്റക്കാർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും കെ .എസ് .യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. ഫെബ്രുവരി 15ന് ട്രെയിനിൽ വീട്ടിലേക്ക് തിരിച്ച വിദ്യാർഥി എറണാകുളത്ത് ഇറങ്ങി രാത്രി തിരികെ കോളജിലേക്ക് മടങ്ങിയത് വിഷയത്തിെൻറ ദുരൂഹത വർധിപ്പിക്കുന്നു.
റാഗിംഗ് മൂലമാണ് വിദ്യാർഥി ആത്മഹത്യ ചെയ്തത് എന്നുള്ള ആരോപണം സിദ്ദാർഥിെൻറ കുടുംബവും കൂട്ടുകാരും ആരോപിക്കുന്നുമുണ്ട്. ആത്മഹത്യ നടന്ന് നാല് ദിവസം പിന്നിട്ടിട്ടും കുറ്റാരോപിതരായ സീനിയർ വിദ്യാർഥികളെ സംരക്ഷിക്കുന്ന ഡീൻ ഉൾപ്പടെയുള്ള കോളജ് അധികാരികളുടെ മൗനവും വിഷയത്തിെൻറ ഗൗരവം വർധിപ്പിക്കുന്നതായും അലോഷ്യസ് സേവ്യർ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
വിഷയത്തിൽ കുടുംബം എ.ഡി.ജി.പി എം.ആർ. അജിത് കുമാറിന് പരാതി നൽകിയിട്ടുണ്ട്. വിഷയത്തിൽ ആവശ്യമായ അടിയന്തര ഇടപെടൽ നടത്തി കുറ്റക്കാർക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു.