കൊച്ചി> ഭൂരഹിതർ ഇല്ലാത്ത കേരളമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി രാജീവ്. ഏലൂർ മുൻസിപ്പൽ ടൗൺ ഹാളിൽ നടന്ന ജില്ലാ പട്ടയമേളയിൽ പട്ടയങ്ങൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പട്ടയ വിതരണത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. കേരളത്തിന് ഇതു പുതിയ ചരിത്രമാണ്. രണ്ടരവർഷം കൊണ്ട് ഒന്നരലക്ഷം പട്ടയങ്ങൾ വിതരണം ചെയ്യാനായത് അഭിമാനകരമാണ്. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാ ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുന്നു. സ്വന്തമായി ഒരു തുണ്ട് ഭൂമി എന്നത് എല്ലാവരുടെയും സ്വപ്നമാണെന്നും 830 കുടുംബങ്ങളുടെ സ്വപ്നമാണ് ഇപ്പോൾ സാക്ഷാത്കരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
830 പട്ടങ്ങളാണ് ജില്ലയിൽ വിതരണം ചെയ്തത്. 600 എൽ.ടി പട്ടയങ്ങളും, 75 ദേവസ്വം പട്ടയങ്ങളും,1964 ഭൂപതിവ് ചട്ടപ്രകാരം പഞ്ചായത്ത് പ്രദേശത്തെ 63 കുടുംബങ്ങൾക്കും 1995 ഭൂപതിവ് ചട്ടപ്രകാരം മുൻസിപ്പാലിറ്റി കോർപ്പറേഷൻ പരിധിയിലെ 21 കുടുംബങ്ങൾക്കും വനാവകാശ നിയമ പ്രകാരം 67 കുടുംബങ്ങൾക്കും പട്ടയങ്ങൾ വിതരണം ചെയ്തു.
ആലുവ താലൂക്ക് 30, കോതമംഗലം താലൂക്ക് 21, കണയന്നൂർ താലൂക്ക് 13, മൂവാറ്റുപുഴ താലൂക്ക് 5, കുന്നത്തുനാട് താലൂക്ക് 8, പറവൂർ താലൂക്ക് 3, കൊച്ചി താലൂക്ക് 8 പട്ടയങ്ങളുമാണ് വിതരണം ചെയ്തത്.
ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ അൻവർ സാദത്ത്, ആന്റണി ജോൺ, പി.വി ശ്രീനിജിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, ഏലൂർ മുനിസിപ്പൽ ചെയർമാൻ എ.ഡി സുജിൽ, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് തുടങ്ങിയവർ പങ്കെടുത്തു.