വൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ രണ്ടാം വർഷ ബി.വി.എസ്.സി വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കോളജിലെ 12 വിദ്യാർഥികളെ യൂണിവേഴ്സിറ്റി അധികൃതർ സസ്‌പെൻഡ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയാണ് നെടുമങ്ങാട് കൊറക്കോട് സ്വദേശി സിദ്ധാർഥനെ (21) കോളജ് ഹോസ്റ്റലിലെ ശുചിമുറിയിലെ ജനൽകമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കോളജിലെ ബിരുദ വിദ്യാർഥികളായ അഖിൽ.കെ (23), കാശിനാഥൻ ആർ.എസ് (19), അമീൻ അക്ബർ അലി (19), അരുൺ.കെ (19), സിൻജോ ജോൺസൻ (20), ആസിഫ് ഖാൻ.എൻ (20), അമൽ ഇഹ്‌സാൻ (20), അജയ്. ജെ(20), സഊദ് രിസാൽ ഇ. കെ(22), അൽത്താഫ് (22), ആദിത്യൻ (22), മുഹമ്മദ് ഡാനിഷ് എം (22) എന്നിവരെയാണ് ആന്റി റാഗിങ്ങ് സ്‌ക്വഡിന്റെ ശുപാർശ പ്രകാരം യൂണിവേഴ്സിറ്റി ഡീൻ ഡോ. നാരായണൻ സസ്‌പെൻഡ് ചെയ്തത്. ഇതിൽ കോളജ് യൂണിയൻ ഭാരവാഹികളും എസ്.എഫ്.ഐ യൂനിറ്റ് ഭാരവാഹികളും ഉൾപെടും.
വാലന്റൈൻസ് ദിനത്തോടനുബന്ധിച്ചുണ്ടായ സംഭവത്തെ തുടർന്ന് സഹ വിദ്യാർഥികളുടെ പീഡനത്തിനും പരസ്യ വിചാരണയിലും മനംനൊന്താണ് സിദ്ധാർഥൻ ആത്മഹത്യ ചെയ്തത് എന്നായിരുന്നു നേരത്തെ ഉയർന്ന ആരോപണം.
എന്നാൽ, സിദ്ധാർഥനെ മർദിച്ച് ജനൽ കമ്പിയിൽ കെട്ടിത്തൂക്കിയതാണെന്ന ഗുരുതര ആരോപണമാണ് കുടുംബം ഉന്നയിക്കുന്നത്. മരണത്തിലെ വസ്തുത പുറത്തു കൊണ്ടുവരാൻ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വിദ്യാർഥിയുടെ ബന്ധുക്കൾ മുഖ്യമന്ത്രി, എ.ഡി.ജി.പി, മനുഷ്യാവകാശ കമീഷൻ, വയനാട് പോലീസ് ചീഫ് എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.
വൈത്തിരി പൊലീസ് എസ്.എച്ച്.ഒ.ടി ഉത്തംദാസിനാണ് അന്വേഷണ ചുമതല. എസ്.ഐമാരായ പ്രശോഭ്, മണി എന്നിവരും അന്വേഷണ സംഘത്തിലുണ്ട്. സംഭവത്തിൽ മൊഴിയെടുക്കാൻ പൊലീസ് ഏതാനും വിദ്യാർഥികളെ വിളിച്ചിപ്പിട്ടുണ്ടെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും വൈത്തിരി സി.ഐ പറഞ്ഞു. അതേസമയം, സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.