ഊട്ടി: കൂനൂരിൽ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തുൾപ്പെടെ 13 പേർ ഹെലികോപ്റ്റർ തകർന്ന് മരിച്ച സംഭവത്തിൽ വ്യോമസേനാ ഉദ്യോഗസ്ഥർ പരിശോധന നടത്തി. വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വിവേക് റാം ചൗധരി സ്ഥലത്തെത്തി തകർന്ന ഹെലികോപ്റ്റർ പരിശോധിച്ചു. അദ്ദേഹത്തിനൊപ്പം മറ്റു ഉന്നത ഉദ്യോസ്ഥരുമുണ്ട്. പരിശോധനയിൽ തകർന്ന ഹെലികോപ്റ്ററിന്റെ ഫ്ലൈറ്റ് ഡേറ്റ റെക്കോർഡർ (എഫ്ഡിആർ) കണ്ടെത്തി.
ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേർ സഞ്ചരിച്ച മി 17 വി 5 എന്ന ഹെലികോപ്റ്ററാണ് ഇന്നലെ ഉച്ചയ്ക്ക് 12.20ന് ഊട്ടിക്കു സമീപം കൂനൂരിലെ വനമേഖലയിൽ അപകടത്തിൽപെട്ടത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിനടുത്തുള്ള സുലൂരിലെ സൈനിക താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകർന്നു വീഴുകയായിരുന്നു. ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജ് സ്ഥിതി ചെയ്യുന്ന വെല്ലിങ്ടണിലേക്കായിരുന്നു യാത്ര. അപകടത്തിൽ റാവത്തും ഭാര്യ മധുലികയും ഉള്‍പ്പെടെ ഉൾപ്പെടെ 13 പേർ മരിച്ചു. ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ടു.