ദുബൈ: മുന്‍കാമുകിയുടെ ഫോണ്‍ മോഷ്‍ടിക്കുകയും അത് ഉപയോഗിച്ച് സ്വകാര്യ ചിത്രങ്ങള്‍ കാമുകിയുടെ ഫേസ്‍ബുക്ക് അക്കൌണ്ടില്‍ പോസ്റ്റ് ചെയ്യുകയും ചെയ്‍ത സംഭവത്തില്‍ 34 വയസുകാരന് യുഎഇയില്‍ ശിക്ഷ. ദുബൈ ക്രിമിനല്‍ കോടതിയുടെ പരിഗണനയ്‍ക്ക് വന്ന കേസില്‍ പ്രവാസി യുവാവിന് രണ്ട് വര്‍ഷം ജയില്‍ ശിക്ഷയും അത് പൂര്‍ത്തിയായ ശേഷം നാട് കടത്താനുമാണ് വിധിച്ചിരിക്കുന്നത്. ഇരുവരുമൊത്തുള്ള സ്വകാര്യ ചിത്രങ്ങള്‍ ഇയാള്‍ കാമുകിയുടെ സഹോദരനും ഭര്‍ത്താവിനും അയച്ചുകൊടുക്കുകയും ചെയ്‍തു.
കഴിഞ്ഞ ജൂലൈ മാസത്തിലായിരുന്നു കേസിന് ആസ്‍പദമായ സംഭവം. ഫോണ്‍ മോഷണം പോയെന്നും തന്റെ മുന്‍കാമുകന്‍ ബന്ധം തുടരാന്‍ ആവശ്യപ്പെട്ട് ബ്ലാക് മെയില്‍ ചെയ്യുന്നുവെന്നും കാണിച്ചാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരും തമ്മില്‍ നേരത്തെ അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് കണ്ടെത്തി. വിവാഹശേഷം യുവതി ബന്ധത്തില്‍ നിന്ന് പിന്മാറിയെങ്കിലും അത് അംഗീകരിക്കാന്‍ കൂട്ടാക്കാതിരുന്ന യുവാവ് ഭീഷണിപ്പെടുത്തി കൂടെ നിര്‍ത്താനുള്ള ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായാണ് ഇരുവരും ഒരുമിച്ചുള്ള സ്വകാര്യ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെയ്‍ക്കുമെന്നും ബന്ധുക്കള്‍ക്കും ഭര്‍ത്താവിനും അവ അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തിയത്.
ഭാര്യയുടെ ഫോണില്‍ നിന്ന് വാട്സ്ആപ് വഴി തനിക്ക് ചില ചിത്രങ്ങള്‍ ലഭിക്കുകയായിരുന്നുവെന്ന് യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. ഭാര്യ തന്റെ കൂടെ ഉണ്ടായിരുന്നപ്പോഴാണ് ഇത് സംഭവിച്ചത്. താന്‍ കാര്യം അന്വേഷിച്ചപ്പോള്‍ ഫോണ്‍ മോഷണം പോയെന്നും മുന്‍കാമുകന്‍ പഴയ ചിത്രങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നുവെന്നും ഭാര്യ അറിയിക്കുകയായിരുന്നു. ഇതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്.യുവാവിനെ പോലീസ് അറസ്റ്റ് ചെയ്‍തു. യുവതിയുടെ ബന്ധുക്കള്‍ക്ക് സ്വകാര്യ ചിത്രങ്ങള്‍ വാട്സ്ആപ് വഴി അയച്ചുകൊടുത്തുവെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. യുവതിയുടെ ഫേസ്‍ബുക്ക് അക്കൌണ്ടിലും ഇവ പോസ്റ്റ് ചെയ്‍തിരുന്നു. തുടര്‍ന്ന് കേസില്‍ വിചാരണ പൂര്‍ത്തിയാക്കിയ ദുബൈ ക്രിമിനല്‍ കോടതി ശിക്ഷ വിധിക്കുകയായിരുന്നു.