കോഴിക്കോട്: പിടിച്ചുപറിക്കേസില്‍ പോലീസില്‍ അറസ്റ്റ് ചെയ്യുന്നതിനിടെ രക്ഷപ്പെട്ടയാള്‍ പിടിയില്‍. കോഴിക്കോട് നഗരത്തില്‍ നിരവധി കേസുകളിലെ പ്രതിയായ കാസര്‍കോട് സ്വദേശി വള്ളിക്കടവ് പ്ലാക്കുഴിയില്‍ ശ്രീജിത്തിനെ(35)യാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടപ്പറമ്പ് പാര്‍ക്ക് റസിഡന്‍സിക്ക് സമീപം ഭിന്നശേഷിക്കാരനായ തമിഴ്നാട് സ്വദേശിയുടെ പണം തട്ടിപ്പറിച്ച കേസില്‍ പ്രതിയായ ഇയാളെ ഒന്നര മാസം മുമ്പ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
അറസ്റ്റ് ചെയ്യുന്നതിനിടെ കോഴിക്കോട് കോടതി വളപ്പില്‍വച്ച് പോലീസുകാരെ വെട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ശ്രീജിത്തിനെ രക്ഷപെടാന്‍ സഹായിച്ച മോഹന്‍ലാല്‍ എന്ന അഭിഭാഷകനെതിരെയും ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഒളിവിലായിരുന്ന പ്രതിയെ ഞായര്‍ മാവൂരില്‍ വെച്ചാണ് പിടികൂടിയത്. കസബ, നടക്കാവ്, മെഡിക്കല്‍ കോളേജ്, ചേവായൂര്‍, മാവൂര്‍ എന്നീ പോലീസ് സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ട്. മാന്യമായ വേഷവിധാനത്തില്‍ ബസില്‍ കയറി യാത്രക്കാരുടെ പണം തട്ടുകയാണ് ഇയാളുടെ രീതി. പ്രതിയെ പരാതിക്കാര്‍വഴി തന്ത്രപൂര്‍വം കോഴിക്കോട് മാവൂര്‍ റോഡിലേക്ക് വിളിച്ചുവരുത്തിയാണ് ഇന്ന് അറസ്റ്റ് ചെയ്തത്. ബസ് യാത്രക്കാരുടെ പണം മോഷ്ടിക്കുന്നതും ഇയാളുടെ പതിവാണ്.
കസബ ഇന്‍സ്പെക്ടര്‍ എന്‍. പ്രജീഷ്, എസ്.ഐ ടി.എസ്. ശ്രീജിത്ത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മനോജ്, സിപിഒ ശ്രീജേഷ്, മാവൂര്‍ സ്റ്റേഷനിലെ എസ്ഐമാരായ മഹേഷ്‌കുമാര്‍, സന്തോഷ്‌കുമാര്‍, സിപിഒ അനസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലിന് ശേഷം തിങ്കള്‍ കോടതിയില്‍ ഹാജരാക്കും.