പാലക്കാട്: ഈ ലോക്സഭാ തിരഞ്ഞെടുപ്പോടെ രാജ്യത്ത് കോൺഗ്രസിന്റെ കഥ കഴിയുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇത്തവണ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും. എൽഡിഎഫിന്റെ നേതൃത്വത്തിലുള്ള വർഗീയശക്തികളും എൻഡിഎയും തമ്മിലുള്ള മത്സരമായിരിക്കും പിന്നീട് കേരളത്തിൽ ഉണ്ടാവുക. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരളത്തിലെ എല്ലാ മണ്ഡലത്തിലും വോട്ട് കൂടുമെന്നും അദ്ദേഹം പാലക്കാട് പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും വർഗീയ ശക്തികളെ താലോലിച്ച് സമുദായിക ധ്രുവീകരണം ഉണ്ടാക്കുകയാണ്. പിഎഫ്‌ഐയെ നിരോധിച്ച ശേഷവും കേരളത്തിൽ അവർക്ക് സഹായകമായ നിലപാടാണ് പോലീസും സർക്കാരും സ്വീകരിക്കുന്നത്.
മന്നത്ത് പത്മനാഭനെതിരെ വന്ന ദേശാഭിമാനി ലേഖനത്തിൽ കോൺഗ്രസും മൗനംപാലിച്ചു. നവോത്ഥാന നായകന്മാരെ സംരക്ഷിച്ചാൽ മുസ്ലിം വോട്ട് നഷ്ടപ്പെടുമെന്ന പേടിയാണ് കോൺഗ്രസിന്. കോൺഗ്രസ് നേതാക്കളുടെ മനസ്സിൽ ബിജെപിയായത് കൊണ്ടാണ് ആന്റോ ആന്റണി എംപി സുധാകരന്റെ പേര് മാറി തന്റെ പേര് വിളിച്ചത്. കോൺഗ്രസ് നേതാക്കളുടെ മനസിൽ പോലും മോദി മോദി എന്നാണ് ഉള്ളത്. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കോൺഗ്രസിന്റെ കഥ കഴിയുമെന്ന് ആവര്‍ത്തിച്ച് പറഞ്ഞാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടുള്ള സംസാരം അവസാനിപ്പിച്ചത്.