കൊല്ലം; കടുത്ത അവഗണനയിൽ പ്രതിഷേധിച്ച് ജില്ലയിലെ മുസ്ലിംലീഗ് നേതൃത്വം. യുഡിഎഫിൽ അർഹമായ പ്രാതിനിധ്യം ലഭിക്കാത്തതിലുള്ള പ്രതിഷേധം സംസ്ഥാനനേതൃത്വവുമായി പങ്കിട്ടു. പദവികളിൽ അർഹമായ പരിഗണന ലഭിച്ചില്ലെങ്കിൽ യുഡിഎഫ് പരിപാടികളിൽനിന്ന് വിട്ടുനിൽക്കാനാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. ചവറ, ചാത്തന്നൂർ, കൊട്ടാരക്കര മണ്ഡലത്തിൽ യുഡിഎഫ് നേതൃത്വത്തിൽനിന്ന് നേരിട്ട അവഗണനയിൽ മുസ്ലിംലീഗ് കടുത്ത പ്രതിഷേധത്തിലാണ്. ആർഎസ്‌പി യുഡിഎഫിൽ എത്തിയപ്പോൾ കൂടുതൽ നഷ്ടമുണ്ടായത് ലീഗിനാണെന്നും നേതാക്കൾ അറിയിച്ചു. ഇരവിപുരം നിയമസഭാമണ്ഡലം ലീഗ്, ആർഎസ്‌പിക്കായി വിട്ടുനൽകി.
മണ്ഡലത്തിൽ യുഡിഎഫ് ചെയർമാൻ സ്ഥാനം ലീഗിനായിരുന്നു. അത് ഏകപക്ഷീയമായി കോൺഗ്രസ് ഏറ്റെടുത്തു. പാർടിക്ക് അടിത്തറയുള്ള ചവറ മണ്ഡലത്തിൽ യുഡിഎഫിലെ സ്ഥാനമാനങ്ങളൊന്നും നൽകിയില്ല. എല്ലാം കോൺഗ്രസും ആർഎസ്‌പിയും ചേർന്ന് വീതിച്ചെടുത്തു. പരവൂർ മുനിസിപ്പാലിറ്റിയിൽ കൺവീനർ സ്ഥാനത്തുനിന്ന് ലീഗിനെ ഒഴിവാക്കി. കൊട്ടാരക്കരയിലും ഇതു തന്നെയാണവസ്ഥ. ചാത്തന്നൂർ നിയോജകമണ്ഡലത്തിലെ ആദിച്ചനല്ലൂരിലും യുഡിഎഫ് കൺവീനർ സ്ഥാനം ഏകപക്ഷീയമായി കോൺഗ്രസ് ഏറ്റെടുത്തു. എംപിയോടും എംഎൽഎമാരോടും ചർച്ചകൾ നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല.
കഴിഞ്ഞ ലീഗ് സംസ്ഥാന കമ്മിറ്റിയിൽ യുഡിഎഫ് വിഷയങ്ങൾ ധരിപ്പിച്ചിരുന്നു. തിരുവനന്തപുരത്ത് പ്രതിപക്ഷനേതാവ് വി ഡി സതീശന്റെയും എം എം ഹസന്റെയും സാന്നിധ്യത്തിലും ചർച്ചകൾ നടന്നു. കൊല്ലത്ത് യുഡിഎഫ് യോഗത്തിൽ ലീഗ് ജില്ലാ പ്രസിഡന്റും സെക്രട്ടറിയും പങ്കെടുത്തിരുന്നു. ലീഗിൽനിന്ന് ഏറ്റെടുത്ത സ്ഥാനങ്ങൾ തിരിച്ചുനൽകണമെന്ന ധാരണയുണ്ടായി. എന്നാൽ, നടപടിയുണ്ടായില്ല. അവഗണന സഹിച്ച് യുഡിഎഫിൽ തുടരേണ്ടതില്ലെന്നാണ് പ്രവർത്തകർ പറയുന്നു. കരുനാഗപ്പള്ളി, കുണ്ടറ, കുന്നത്തൂർ, ചടയമംഗലം തുടങ്ങിയ മണ്ഡലങ്ങളിൽ യുഡിഎഫ് സംവിധാനത്തിൽതന്നെ മുന്നോട്ടുപോകും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ലീഗിനു മൂന്നാംസീറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചയിലെ തീരുമാനംവരും വരെ മാത്രമേ കാത്തുനിൽപ്പുണ്ടാകൂ എന്ന് ജില്ലയിലെ ലീഗ് നേതൃത്വം സൂചിപ്പിക്കുന്നു.