ആലപ്പുഴ > കെപിസിസി നേതൃത്വത്തിൽ സംഘടിപ്പിച്ച സമരാഗ്‌നിക്കിടെ നേതാക്കളുടെ പരസ്യമായ തെറിവിളിയിലും തുടർസംഭവങ്ങളിലും ഡിസിസി നേതൃത്വത്തിന് കടുത്ത അതൃപ്‌തി. സമരാഗ്‌നിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദം ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തെയും പ്രവർത്തകരെയും നിരാശരാക്കിയതായി ഡിസിസി ഭാരവാഹികൾ നേതൃത്വത്തെ അറിയിച്ചു. അതിനിടെ പരിപാടിക്കായി കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിൽ ഡിസിസി നൽകിയ പരസ്യത്തിൽനിന്ന് കെ സി വേണുഗോപാൽ വിഭാഗം നേതാക്കളെ ഒഴിവാക്കിയതായി പുതിയ വിവാദമുയർന്നു.
തെരഞ്ഞെടുപ്പ് അടുത്തുനിൽക്കുന്ന ഘട്ടത്തിൽ പ്രമുഖ നേതാക്കൾക്കിടയിലെ പോരും ഐക്യമില്ലായ്‌മയും സമരാഗ്‌നിയിലൂടെ പുറത്തായതായും ജില്ലയിലെ സംഘടനാ സംവിധാനത്തെയാകെ ഇത് ബാധിച്ചതായും നേതാക്കൾ കുറ്റപ്പെടുത്തി. ഈ സ്ഥിതിയിൽ എങ്ങനെ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന ആശങ്കയും ഇവർ നേതാക്കളുമായി പങ്കുവച്ചതായാണ് വിവരം. ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവായ രമേശ് ചെന്നിത്തലയെ പരിപാടികളിൽനിന്ന് അകറ്റി നിർത്തിയതും ചർച്ചയായി. സമരാഗ്‌നിയോഗം കെ സി വേണുഗോപാൽ വിഭാഗം പിടിച്ചടക്കാൻ ശ്രമിച്ചതിലും ഡിസിസി നേതൃത്വത്തിന് ഇഷ്‌ടക്കേടുണ്ട്. ഇതുസംബന്ധിച്ച് ഒരുവിഭാഗം പരാതി ഉന്നയിച്ചതായാണ് വിവരം.
സമരാഗ്‌നിയുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിൽ എത്താൻ വൈകിയ പ്രതിപക്ഷനേതാവ് വി ഡി സതീശനെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ തെറിവിളിച്ചതും ജനകീയ സദസിൽനിന്നുള്ള ഇറങ്ങിപ്പോക്കും പ്രതിപക്ഷനേതാവിന്റെ രാജിഭീഷണിയും ജില്ലയിലെ പരിപാടിയുടെ ശോഭകെടുത്തിയതായി നേതാക്കൾ പറയുന്നു. ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്നവരിൽനിന്ന് ഒരിക്കലുമുണ്ടാകാൻ പാടില്ലാത്ത പെരുമാറ്റമായിപ്പോയെന്നും ഡിസിസി ഭാരവാഹികൾ പറയുന്നു.
ഇതിനിടെ സമരാഗ്‌നിയുമായി ബന്ധപ്പെട്ട് ഡിഡിസി വീക്ഷണത്തിന് നൽകിയ പരസ്യത്തിൽനിന്ന് കെ സി വേണുഗോപാൽ വിഭാഗത്തിലെ പ്രമുഖരെ ഒഴിവാക്കിയതായി പരാതി ഉയർന്നു. കെപിസിസി എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഡി സുഗതൻ, എം മുരളി എന്നിവരുടെ പേരുകളും ചിത്രങ്ങളുമാണ് 24ന് പ്രസിദ്ധീകരിച്ച പത്രത്തിൽനിന്ന് ഒഴിവാക്കിയത്. ഇത് മനഃപൂർവമാണെന്നും ജില്ലയിലെ സ്വീകരണങ്ങളിൽനിന്ന് മുതിർന്ന നേതാവായ ചെന്നിത്തലയെ പങ്കെടുപ്പിക്കാതിരുന്നതിലുള്ള അമർഷമാണ് പരസ്യത്തിൽനിന്ന് ചില നേതാക്കളെ ഒഴിവാക്കാൻ കാരണമെന്ന് ഇവർ ആരോപിക്കുന്നു. ഇക്കാര്യത്തിൽ ശനി രാവിലെ കെ സുധാകരനെയും വി ഡി സതീശനെയും കണ്ട് കെ സി വേണുഗോപാൽ വിഭാഗം പരാതിപ്പെട്ടിരുന്നു. ഡിസിസിയോട് ഇതുസംബന്ധിച്ച വിവരങ്ങൾ തിരക്കാമെന്ന് നേതാക്കൾ പറഞ്ഞിരുന്നു. അതിനിടയിലായിരുന്നു തെറിവിളിയും തുടർപ്രകടനങ്ങളും.




















