കൊച്ചി : കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് സി കാറ്റഗറി ജില്ലകളില്‍ സിനിമാ തിയേറ്ററുകള്‍ അടച്ചിടാനുളള സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തുളള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. രോഗ വ്യാപനം കൂടുതലുള്ള സി കാറ്റഗറി മേഖലയില്‍ തിയേറ്ററുകള്‍ തുറന്നു നല്‍കാനാകില്ലെന്നും അത് രോഗവ്യാപനം കൂട്ടുമെന്നും സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. അടച്ചിട്ട എ സി ഹാളിനുളളില്‍ രണ്ടുമണിക്കൂറിലധികം തുടര്‍ച്ചയായി ഇരിക്കുന്നത് രോഗ വ്യാപനത്തോത് കൂട്ടുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ മാളുകള്‍ക്കടക്കം ഇളവ് നല്‍കിയ ശേഷം തിയേറ്ററുകള്‍ അടച്ചിട്ടത് വിവേചനപരമാണെന്നാണ് തിയറ്റര്‍ ഉടമകളുടെ നിലപാട്. അതേസമയം സംസ്ഥാനത്ത് രോഗവ്യാപനം കുറയുകയാണെന്നും നിലവില്‍ സി കാറ്റഗറി ജില്ലകള്‍ ഇല്ലെന്നും സര്‍ക്കാര്‍ ഇന്ന് അറിയിക്കും.
കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി തീയേറ്ററുകള്‍ അടയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഫെഫ്കയാണ് കോടതിയെ സമീപിച്ചത്. എന്ത് ശാസ്ത്രീയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊവിഡ് നിയന്ത്രണത്തിനായി തീയേറ്ററുകള്‍ അടയ്ക്കുന്നതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കണമെന്ന് ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക ആവശ്യപ്പെട്ടിരുന്നു.