മലപ്പുറം: സ്കൂളിലെ ഫെയർവൽ പരിപാടി കളറാക്കാൻ വാഹനങ്ങളുമായി വിദ്യാർത്ഥികളുടെ അഭ്യാസ പ്രകടനം. പ്രായപൂർത്തി ആകാത്തവരടക്കമുള്ള വിദ്യാർത്ഥികള്‍ വാഹനങ്ങളുമായി സ്കൂളിലെത്തി നടത്തിയ പ്രകടനം പക്ഷേ മോട്ടോർ വാഹന വകുപ്പിന് അത്ര പിടിച്ചില്ല, പിള്ളേരുടെ വണ്ടി പൊക്കി, പിന്നാലെ കിട്ടിയത് എട്ടിന്‍റെ പണിയും. തിരുന്നാവായ നവാമുകുന്ദ ഹയർസെക്കന്‍ററി സ്‌കൂള്‍ കോമ്പൌണ്ടിലാണ് ഫെയർവെൽ ആഘോഷത്തിനിടെ വാഹനങ്ങളുമായി വിദ്യാർത്ഥികൾ അഭ്യാസ പ്രകടനം നടത്തിയത്.വെറും അഭ്യാസം മാത്രമല്ല, സ്കൂൾ കോമ്പൗണ്ടിൽ വാഹനവുമായി അപകടകരമായ രീതിയിൽ പ്രകടനം നടത്തി വിദ്യാർത്ഥികൾ പരിപാടി കളറാക്കി. സെന്‍റ് ഓഫ് പരിപാടിക്കിടെ അനുവാദമില്ലാതെയാണ് വിദ്യാർത്ഥികൾ സ്‌കൂള്‍ കോമ്പൌണ്ടില്‍ വാഹനങ്ങള്‍ കയറ്റിയത്. ബൈക്കും കാറുമൊക്കെയായി കുട്ടികൾ അതിരുവിട്ട് ആഘോഷിച്ചതോടെ വിവരമറിഞ്ഞ് എംവിഡി ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയായിരുന്നു. പിന്നാലെ വാഹനങ്ങള്‍ പിടിച്ചെടുത്തു.
അഞ്ച് വാഹനങ്ങളാണ് എംവിഡി പിടികൂടിയത്. ഇവരില്‍നിന്ന് 38,000 രൂപയോളം മോട്ടോർ വാഹന വകുപ്പ് പിഴ ഈടാക്കിയിട്ടുണ്ട്. പിടിച്ചെടുത്ത വാഹനങ്ങൾ ഓടിച്ചവരുടെ ലൈസൻസ് റദ്ദാക്കുന്നതടക്കം കർശന നടപടി സ്വീകരിക്കുമെന്നാണ് മോട്ടോർ വാഹന ഉദ്യോഗസ്ഥർ പറയുന്നത്. നിയമം തെറ്റിച്ച് മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കും വിധം വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.