തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷയുടെ ചോദ്യപേപ്പർ വിതരണം ഇത്തവണ ഗഡുക്കളായി. അച്ചടി വൈകിയതുകാരണം ആദ്യനാല് ദിവസത്തെ പരീക്ഷയുടെ ചോദ്യപേപ്പറാണ് ആദ്യം വിതരണത്തിനായി ജില്ല സെന്ററുകളിലെത്തിച്ചത്. ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ മാർച്ച് 14 വരെയുള്ള ആദ്യ നാല് പരീക്ഷയുടെ ചോദ്യപേപ്പറുകളും എത്തിച്ചു.
സാധാരണ ചോദ്യപേപ്പറുകൾ ഒന്നിച്ചെത്തിക്കുകയും സ്കൂളുകളിൽ സ്ട്രോങ് റൂമിൽ സീൽ ചെയ്ത് സൂക്ഷിക്കുന്നതുമാണ് രീതി. മാർച്ച് 16 മുതലുള്ള പരീക്ഷകളുടെ ചോദ്യപേപ്പർ പിന്നീടായിരിക്കും എത്തിക്കുക. സംസ്ഥാന സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി ഇത്തവണ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷ നടത്തിപ്പിനെ ഉൾപ്പെടെ ബാധിച്ചിരുന്നു.
സ്കൂളുകളുടെ പി.ഡി അക്കൗണ്ടിൽനിന്ന് വരെ പണമെടുത്താണ് പരീക്ഷ നടത്തുന്നത്. ചോദ്യപേപ്പർ വിതരണം വിവിധ ഘട്ടങ്ങളാക്കിയതിനാൽ ഇവ സ്കൂളുകളിൽ എത്തിക്കാൻ അധിക ചെലവ് വരുമെന്നും പാഴ്ചെലവാണെന്നും കെ.എച്ച്.എസ്.ടി.യു സംസ്ഥാന ഭാരവാഹികൾ അഭിപ്രായപ്പെട്ടു.