തിരുവനന്തപുരം: സാമ്പത്തിക പരാധീനത പരിഹരിക്കാൻ കഴിയുന്നതോടെ നിശ്‌ചയമായും ക്ഷേമ പെൻഷൻ വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ അഭിപ്രായമാണതെന്നും ഇതാണ് സർക്കാരിന്റെ സമീപനമെന്നും അദ്ദേഹം പറഞ്ഞു. ഐഎസ്‌ആർഒ പെൻഷനേഴ്‌സ് അസോസിയേഷൻ 20–-ാം വാർഷികവും ആദ്യറോക്കറ്റ് വിക്ഷേപണത്തിന്റെ 60–-ാം വാർഷികവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സാമൂഹ്യ സുരക്ഷാമേഖലകളെ ശക്തിപ്പെടുത്തുന്ന നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. ഏറ്റവും മുതിർന്ന പൗരന്മാരുള്ള സംസ്ഥാനമാണ് കേരളം. ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസ അവകാശം, പെൻഷൻ അവകാശം തുടങ്ങിയവ ഏതെങ്കിലും തരത്തിലുള്ള ഔദാര്യമല്ല. പൗരർ എന്ന നിലയ്‌ക്കുള്ള അവകാശമാണ്.
ആ പൗരന്മാർക്ക് അവകാശപ്പെട്ട കാര്യങ്ങൾ സർക്കാർ നിർവഹിക്കും. ഈ കാഴ്‌പ്പാടിലാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് 60 ലക്ഷത്തിലധികം ആളുകൾക്ക് ക്ഷേമപെൻഷൻ നൽകുന്നതിലേക്ക് നാടിന് മാറാൻ കഴിഞ്ഞത്. കർഷകത്തൊഴിലാളികൾക്ക് ആദ്യമായി ഇ കെ നായനാരുടെ സർക്കാരിന്റെ കാലത്ത് പെൻഷൻ നൽകി തുടങ്ങിയപ്പോൾ എതിർത്തവർ ഇന്ന് പെൻഷൻ നൽകേണ്ടതാണെന്ന് വാദിക്കുന്ന അവസ്ഥ വന്നിട്ടുണ്ട്. അത് നല്ല മാറ്റമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അയ്യൻകാളി ഹാളിൽ നടന്ന ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷനായി. ശശി തരൂർ എംപി, ഒ രാജഗോപാൽ, അസോസിയേഷൻ ജനറൽസെക്രട്ടറി ജോൺസൺ എസ് ഫെർണാണ്ടസ്, വർക്കിങ് പ്രസിഡന്റ് സി എൻ ധനപാലൻ തുടങ്ങിയവരും സംസാരിച്ചു. സംഘടനയുടെ വൈസ്‌പ്രസിഡന്റ് സി രാമചന്ദ്രൻ എഴുതിയ ശാസ്‌ത്രം ചരിത്രം ദർശനം എന്ന കൃതി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ പ്രകാശിപ്പിച്ചു.