തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥിന്റെ മരണത്തിൽ പ്രതികളായ എസ്എഫ്ഐക്കാരെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎം അധ്യാപക സംഘടന പ്രതിനിധികൾ സിദ്ധാര്‍ത്ഥിന്റെ മരണത്തിൽ കുറ്റക്കാരാണ്. സര്‍വകലാശാല ഡീനും ഹോസ്റ്റൽ വാർഡനും എന്ത് ചെയ്യുകയായിരുന്നു? ബന്ധുക്കളോട് പറയരുതെന്ന് വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയത് ഡീൻ ആണെന്നും എസ്എഫ്ഐ ഇങ്ങനെ അഴിഞ്ഞാടുന്നത് ആരുടെ പിൻബലത്തിലാണെന്നും വിഡി സതീശൻ ചോദിച്ചു.
കേരളത്തിലെ ക്യാമ്പസുകളിലേക്ക് കുട്ടികളെ അയക്കാൻ രക്ഷിതാക്കൾ പേടിക്കുന്ന സ്ഥിതിയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കേരളത്തിന് മുഴുവൻ അപമാനകരമായ സംഭവം നടന്നിട്ട് മുഖ്യമന്ത്രി മിണ്ടാതിരിക്കുന്നത് എന്താണ്? പ്രതിപക്ഷം അതിശക്തമായ സമരം തുടങ്ങും. സാമൂഹ്യ സുരക്ഷ പെൻഷൻ ഏഴ് മാസമായി കുടിശികയാണ്. പാവങ്ങളിൽ പാവങ്ങളോട് സർക്കാർ ക്രൂരത കാട്ടുകയാണ്. പെൻഷൻ കൊടുക്കാൻ തയ്യാറായില്ലെങ്കിൽ പ്രതിപക്ഷം പ്രക്ഷോഭത്തിന് ഇറങ്ങും.
സുനിൽ കനഗോലു റിപ്പോർട്ടിനെ കുറിച്ച് പ്രചരിക്കുന്നത് അസംബന്ധമായ വാര്‍ത്തകളാണ്. മണ്ഡല സാധ്യത വച്ച് ഒരു റിപ്പോർട്ടും ഇല്ല. ഓരോരുത്തർ അവരവരുടെ സൗകര്യത്തിന് അനുസരിച്ച് ഇല്ലാത്ത റിപ്പോർട്ടിനെ ഉദ്ധരിക്കുകയാണ്. 20 സീറ്റിലും ജയിക്കാനുള്ള കഴിവും സാധ്യതയും കോൺഗ്രസിനും യുഡിഎഫിനുണ്ട്. ക്ലിഫ് ഹൗസിൽ മാത്രമല്ല കന്റോൺമെന്റ് ഹൗസിലും മരപ്പട്ടിയുണ്ടെന്നും വിഡി സതീശൻ പറഞ്ഞു.