തിരുവനന്തപുരം : ലോകായുക്ത ഓർഡിനൻസിനെ താൻ ഇപ്പോഴും എതിർക്കുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഓർഡിനൻസിന്റെ അടിയന്തര സാഹചര്യം ബോധ്യമാകാത്തതിനാലാണ് സിപി ഐ എതിർപ്പ് പ്രകടിപ്പിച്ചത്. ഓർഡിനൻസിന്റെ ആവശ്യകത ഗവർണർക്ക് ബോധ്യപ്പെട്ടുകാണുമെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. ഓർഡിനൻസിന്റെ ഗവർണർക്ക് ബോധ്യപ്പെട്ട കാര്യം സി പി ഐക്കും ബോധ്യപ്പെടണം. വിഷയം കാബിനറ്റിൽ ചർച്ച ചെയ്യണം. അഭിപ്രായം അവിടെ വ്യക്തമാക്കുമെന്ന് കാനം പറഞ്ഞു. ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചതിന് പിന്നാലെയായിരുന്നു കാനം രാജേന്ദ്രന്റെ പ്രതികരണം. ലോകായുക്ത നിയമത്തിലെ 14ാം വകുപ്പിലെ ഭേദഗതിക്കാണ് ഗവർണർ അംഗീകാരം നൽകിയത്.
ഇതോടെ പൊതുപ്രവർത്തകർക്കെതിരായ ലോകായുക്ത വിധി ഇനി സർക്കാരിന് തളളാം. ഇതോടെ ഓർഡിനൻസ് നിലവിൽ വന്നു. ഭരണകക്ഷിയിൽ ഉൾപ്പെട്ട സിപിഐയുടേയും പ്രതിപക്ഷത്തിന്റേയും ബിജെപിയുടേയും എതിർ വാദങ്ങളേയും ഒപ്പിടരുതെന്ന ആവശ്യത്തേയും തള്ളിയാണ് ഗവർണറുടെ തീരുമാനം. ഇത് സർക്കാരിന് വലിയ ആശ്വാസം നൽകുന്ന നടപടി ആണ്. ഓർഡിനൻസ് കൊണ്ട് വരാനിടയായ സാഹചര്യം മുഖ്യന്ത്രി ഗവർണറോട് വിശദികരിച്ചിരുന്നു. നിലവിലെ നിയമത്തിൽ ഭരണഘടന വിരുദ്ധമായ വകുപ്പ് ഉണ്ടെന്നും അത് കൊണ്ടാണ് നിയമ ഭേദഗതി കൊണ്ട് വന്നതെന്നും മുഖ്യമന്ത്രി ഗവർണറോട് വിശദീകരിച്ചിരുന്നു. നിലവിലെ ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് ഭരണഘടന വിരുദ്ധമാണ്. ഇക്കാര്യത്തിൽ സർക്കാരിന് നിയമോപദേശം ലഭിച്ചുവെന്നും മുഖ്യമന്ത്രി ഗവർണറെ അറിയിച്ചിരുന്നു. സർവകലാശാലകളിൽ രാഷ്ട്രീയ ഇടപെടലിന് സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി ഗവർണറോട് വിശദീകരിച്ചിരുന്നു.