കാശി: കാശി ക്ഷേത്രത്തിന് സമീപമുള്ള 26 അനധികൃത കടകൾ അടച്ചുപൂട്ടിച്ച് അധികൃതർ. കാശി വിശ്വനാഥ ക്ഷേത്രപരിസരത്ത് നിന്ന് രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള മാംസ, മദ്യ വിൽപനശാലകളാണ് മുനിസിപ്പൽ കോർപ്പറേഷൻ സംഘവും പൊലീസും ചേർന്ന് പൂട്ടി സീൽ ചെയ്തത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. വെള്ളിയാഴ്ചയാണ് ഈ തീരുമാനം നടപ്പാക്കിയത്. കടയുടമകളോട് വീണ്ടും കടകൾ തുറക്കരുതെന്നും നഗരസഭ നിർദേശിച്ചിട്ടുണ്ട്. ആരെങ്കിലും ചട്ടം ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.
വിശ്വനാഥ ക്ഷേത്രത്തിൽ ദർശനത്തിനായി ദിവസവും ആയിരക്കണക്കിന് ഭക്തരാണ് എത്തുന്നത്. കൂടാതെ, ധാരാളം വിദേശ വിനോദ സഞ്ചാരികളും ഇവിടെയെത്തുന്നു. ഇത്തരമൊരു സാഹചര്യത്തിൽ അനധികൃത കച്ചവട സ്ഥാപനങ്ങൾ പൂട്ടിക്കാൻ ജില്ലാ ഭരണകൂടം അടുത്തിടെ തീരുമാനിച്ചിരുന്നു. നായി സഡക്, ബെനിയ, ഷെയ്ഖ്‌സലിം ഫടക്, സരായ് ഗോവർദ്ധൻ തുടങ്ങിയ പ്രദേശങ്ങളിലെ കടകൾ അടച്ചതായി മൃഗ, മെഡിക്കൽ വെൽഫെയർ ഓഫീസർ ഡോ.അജയ് പ്രതാപ് സിംഗ് പറഞ്ഞു.
നേരിയ എതിർപ്പും ടീമിന് നേരിടേണ്ടി വന്നു. ക്ഷേത്രത്തിന് ചുറ്റുമുള്ള ഇത്തരം കടകളിൽ സംഘം തുടർച്ചയായി നിരീക്ഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.കടകൾ അടയ്‌ക്കുന്നതിനൊപ്പം നോട്ടീസും ഒട്ടിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.