ന്യൂഡൽഹി: രാഷ്ട്രീയം വിടുന്നതായി പ്രഖ്യാപിച്ച് മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ ആരോഗ്യമന്ത്രിയുമായ ഹര്‍ഷ് വര്‍ദ്ധന്‍. ഇനി ജോലി കൃഷ്ണനഗറിലെ ഇ.എൻ.ടി ക്ലിനിക്കിലെന്ന് മുന്‍ മന്ത്രി എക്സ് പോസ്റ്റിലൂടെ അറിയിച്ചു. ലോക്സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രഖ്യാപനം. ഡല്‍ഹിയിലെ ചാന്ദിനി ചൗക്കില്‍ നിന്നുള്ള എംപിയായിരുന്നു ഹര്‍ഷ് വര്‍ധന്‍. ബി.ജെ.പി മുതിര്‍ന്ന നേതാവായ ഹര്‍ഷ് വര്‍ദ്ധന്‍ അഞ്ച് തവണ എം.എൽ.എയും രണ്ട് തവണ എംപിയുമായി.
വിടവാങ്ങൽ സന്ദേശത്തിൽ, പാർട്ടിയോടും അനുഭാവികളോടും ഇന്ത്യയിലെ ജനങ്ങളോടും ഡോ. വർദ്ധൻ നന്ദി അറിയിച്ചു. രാജ്യത്തെ സേവിക്കാൻ കഴിഞ്ഞതിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതും നേട്ടമായി പറയുന്നു. രാഷ്ട്രീയത്തിൽ നിന്ന് മാറിനിന്നെങ്കിലും, പുകയില, ലഹരിവസ്തുക്കളുടെ ദുരുപയോഗം, കാലാവസ്ഥാ വ്യതിയാനം, സുസ്ഥിരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കൽ എന്നിവക്കെതിരായ പ്രവർത്തനം തുടരുമെന്ന് ഹർഷ് വർദ്ധൻ അറിയിച്ചു.