ന്യൂഡൽഹി: കേരളത്തിൽ ബി.ജെ.പിയുമായുള്ള സഖ്യ ചർച്ചകൾ അന്തിമ ഘട്ടത്തിലെത്തിയെന്നും കോട്ടയം, ഇടുക്കി, മാവേലിക്കര സീറ്റുകൾ ബി.ഡി.ജെ.എസിന് നൽകാൻ ധാരണയായെന്നും പാർട്ടി നേതാവ് തുഷാർ വെള്ളാപ്പള്ളി. കോട്ടയത്ത് താൻ മത്സരിക്കും. ഒരു സീറ്റിൽ കൂടി ചർച്ച പൂർത്തിയാകാനുണ്ട്. ചാലക്കുടിയോ എറണാകുളമോ ആയിരിക്കും അതെന്നും തുഷാർ ന്യൂഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. പി.സി. ജോർജിനെതിരെ താൻ ബി.ജെ.പിക്ക് പരാതി നൽകിയിട്ടില്ല. സീറ്റ് കിട്ടാത്തതിൽ താനുമായി ചേർത്ത് അദ്ദേഹം ഉന്നയിച്ച ആരോപണം വസ്തുതാരഹിതമാണ്. പി.സി. ജോർജിന്റെ സ്വഭാവത്തിനനുസരിച്ച് പ്രതികരിക്കാൻ തയാറല്ല. ഇത്തരം പരാമർശങ്ങൾ എൻ.ഡി.എയെ ബാധിക്കില്ല.
സീറ്റ് കിട്ടിയിരുന്നെങ്കിൽ ബോധം കെടുമെന്ന് പറഞ്ഞയാൾ കിട്ടാതിരുന്നപ്പോൾ ഇത്രയധികം പ്രശ്നമുണ്ടാക്കേണ്ട കാര്യമെന്താണ്? ഈഴവരെ മാത്രമല്ല, എല്ലാവരെയും അപമാനിക്കുന്നയാളാണ് ജോർജ്. അദ്ദേഹത്തിന് സീറ്റ് കിട്ടാതായപ്പോൾ ഏതെങ്കിലും ക്രിസ്തീയ സഭയോ സമുദായ സംഘടനകളോ പ്രതികരിച്ചോ എന്നും തുഷാർ ചോദിച്ചു.












