ബെംഗളൂരു ∙ ബെംഗളൂരു–ധാർവാഡ്, ധാർവാഡ്–ബെംഗളൂരു, മൈസൂരു–ചെന്നൈ വന്ദേഭാരത് ട്രെയിനുകൾക്ക് നേരെ ഒറ്റദിവസം മൂന്നിടങ്ങളിൽ കല്ലേറുണ്ടായി. ദക്ഷിണ പശ്ചിമ റെയിൽവേക്ക് കീഴിലെ സ്ഥലങ്ങളിൽ ഞായറാഴ്ച നടന്ന കല്ലേറിൽ കോച്ചുകളുടെ ഗ്ലാസുകൾ തകർന്നെങ്കിലും യാത്രക്കാർക്ക് പരുക്കില്ല. ബെംഗളൂരുവിൽ നിന്ന് ധാർവാഡിലേക്ക് പോവുകയായിരുന്ന വന്ദേഭാരതിന് നേരെ രാവിലെ 6.15നു ബെംഗളൂരു ചിക്കബാനവാര സ്റ്റേഷന് സമീപത്ത് നിന്നാണ് കല്ലേറുണ്ടായത്. സി6 കോച്ചിന്റെ ഗ്ലാസാണ് തകർന്നത്. ധാർവാഡിൽ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന വന്ദേഭാരതിന് നേരെ വൈകിട്ട് 3.30നു ഹാവേരിക്ക് സമീപം ഹരിഹറിലായിരുന്നു രണ്ടാമത്തെ കല്ലേറുണ്ടായത്. സി5 കോച്ചിന്റെ ഗ്ലാസാണ് തകർന്നത്. മൈസൂരു–ചെന്നൈ വന്ദേഭാരതിന് നേരെ കർണാടക, ആന്ധ്ര അതിർത്തിയായ കുപ്പത്ത് വച്ച് വൈകിട്ട് 4.30നാണ് കല്ലേറുണ്ടായത്. സി4 കോച്ചിന്റെ ഗ്ലാസ് തകർന്നു. ട്രെയിനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കല്ലെറിഞ്ഞവരെ പിടികൂടുമെന്ന് റെയിൽവേ സുരക്ഷ സേന ഐജി രമശങ്കർ പ്രസാദ് പറഞ്ഞു.