ചാലക്കുടി: കാട്ടാന ആക്രമണത്തിൽ ആദിവാസി സ്ത്രീയുടെ മരണത്തിൽ മുതലക്കണ്ണീരൊഴുക്കിയ ബെന്നി ബെഹനാൻ എംപിയും സനീഷ്‌കുമാർ ജോസഫ് എംഎൽഎയും സംസ്‌കാര ചടങ്ങിലേക്ക് തിരിഞ്ഞുനോക്കിയില്ല. വാച്ചുമരം കാടർ കോളനിയിലെ ആദിവാസി മൂപ്പൻ രാജന്റെ ഭാര്യ വത്സ(64)യുടെ സംസ്‌കാര ചടങ്ങാണ് ഇരുവരും ബഹിഷ്‌ക്കരിച്ചത്. ചൊവ്വാഴ്ച രാത്രി താലൂക്ക് ആശുപത്രിക്ക് മുന്നിൽ ആദിവാസി പ്രേമം നടിച്ച് ഇരുവരുടേയും നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ആദിവാസിക്ഷേമത്തിനായി ഇരുവരും വാതോരാതെ പ്രസംഗിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇത്രയധികം ആദിവാസി പ്രേമം നടിച്ച ഇരുവരും ബുധനാഴ്ച പോസ്റ്റുമോർട്ടം നടത്തിയപ്പോഴോ പിന്നീട് വാച്ചുമരത്ത് വച്ചുനടന്ന സംസ്‌കാര ചടങ്ങിലോ എത്തിയില്ല. ഇവരുടെ ആദിവാസി പ്രേമം വാക്കുകളിൽ മാത്രമായൊതുങ്ങി. മരിച്ച വത്സയുടെ കുടുംബത്തിനുള്ള സംസ്ഥാന സർക്കാർ ധനസഹായ വിതരണത്തിനും ഇരുവരുടേയും സാന്നിധ്യമുണ്ടായില്ല. എംപി, എംഎൽഎ എന്നിവർ വിട്ടുനിന്നതോടെ കോൺഗ്രസ് പ്രവർത്തകരും സംസ്‌കാര ചടങ്ങ് ബഹിഷ്‌ക്കരിച്ചു.
കരിദിനത്തിന്റെ മറവിൽ അതിരപ്പിള്ളി മേഖലയിലെ വ്യാപാര സ്ഥാപനങ്ങൾ നിർബന്ധപൂർവം അടപ്പിച്ചും വിനോദസഞ്ചാരികൾക്ക് ദുരിതം വിതച്ചും കോൺഗ്രസ് പ്രവർത്തകരും ഒതുങ്ങി. എംപി, എംഎൽഎ എന്നിവർ മനപൂർവം വിട്ടുനിന്നത് പ്രദേശവാസികളിലും ആദിവാസികളിലും പ്രതിഷേധമുയർത്തിയിട്ടുമുണ്ട്.