ദില്ലി: ഫിൻടെക് വ്യവസായത്തിന്‍റെ പ്രാധാന്യം എടുത്തു കാട്ടുന്നതിന്‍റെ ഭാഗമായി , നീതി ആയോഗ്, ഫോൺ പേ, എ ഡബ്ള്യു എസ്, ഇ വൈ എന്നിവയുമായി സഹകരിച്ച് ഫെബ്രുവരി 7-28 വരെ മൂന്നാഴ്ചത്തെ വെർച്വൽ ഉച്ചകോടിയായ ‘ ഫിൻടെക് ഓപ്പൺ ’ സംഘടിപ്പിക്കുന്നു. കേന്ദ്ര റെയിൽവേ, കമ്മ്യൂണിക്കേഷൻസ്, ഇലക്‌ട്രോണിക്‌സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് ഉച്ചകോടി ഉദ്ഘാടനം ചെയ്തു. നിതി ആയോഗ് വൈസ് ചെയർമാൻ ഡോ രാജീവ് കുമാർ സന്നിഹിതനായിരുന്നു.
ഇത്തരത്തിലുള്ള ആദ്യ സംരംഭമായ ഫിൻടെക് ഓപ്പൺ, റെഗുലേറ്റർമാർ, ഫിൻടെക് പ്രൊഫഷണലുകൾ, താൽപര കക്ഷികൾ, വ്യവസായ പ്രമുഖർ, സ്റ്റാർട്ടപ്പ് സമൂഹം, ഡെവലപ്പർമാർ എന്നിവരെ ഒരുമിച്ച് കൊണ്ട് വരാനും നൂതന ആശയങ്ങൾ കൈമാറാനും സഹായിക്കും.ഫിൻടെക് ഓപൺ ഒരു ആഴത്തിലുള്ള പഠനാനുഭവം സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നു. ഇതിന് മൂന്ന് ലക്ഷ്യങ്ങളുണ്ട്:
1. ഫിൻടെക് വ്യവസായത്തിലുടനീളം ഒരു തുറന്ന അന്തരീക്ഷം പ്രോത്സാഹിപ്പിക്കുക
2. നൂതന ആശയങ്ങളും വളർച്ചയും പ്രോത്സാഹിപ്പിക്കുക
3. ഫിൻടെക് നൂതന ആശയങ്ങളുടെ പുതു തരംഗം സൃഷ്ടിക്കുന്നതിന് സാമ്പത്തിക ഉൾപ്പെടുത്തൽ ഉറപ്പാക്കുകയും അക്കൗണ്ട് അഗ്രഗേറ്റർ പോലുള്ള പുതിയ മാതൃകകൾ പ്രയോജനപ്പെടുത്തുകയും ചെയ്യുക.
വിവിധ സ്റ്റാർട്ടപ്പുകളുടെ നൂതനാശയങ്ങളും വെല്ലുവിളികളും ഉയർത്തിക്കാട്ടുന്ന വെബിനാറുകൾ, റൌണ്ട്-ടേബിൾ ചർച്ചകൾ തുടങ്ങിയവ ഉച്ചകോടിയിൽ ഉണ്ടായിരിക്കും. കൂടാതെ, ഫിൻടെക്കുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും പ്രദർശിപ്പിക്കും. ഏറ്റവും മികച്ച നൂതനാശയ സ്റ്റാർട്ടപിനെ ഒരു വെർച്വൽ ചടങ്ങിൽ അനുമോദിക്കുകയും ചെയ്യും.
ഇന്ത്യയുടെ എക്കാലത്തെയും വലിയ ഫിൻടെക് ഹാക്കത്തോണാണ് ഉച്ചകോടിയുടെ പ്രധാന ആകര്ഷണം. ഇത് വ്യക്തിഗത ഡെവലപ്പർമാർക്കും സ്റ്റാർട്ട്-അപ്പ് സമൂഹത്തിനും യഥാർത്ഥ ലോക പ്രശ്‌നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന മികച്ച ആശയങ്ങൾ അവതരിപ്പിക്കാൻ അവസരമൊരുക്കും. കൂടാതെ കുട്ടികളിൽ സർഗ്ഗാത്മകതയും നൂതന ആശയങ്ങളും സംരംഭകത്വ മനോഭാവവും വളർത്തുന്നതിനായി അടൽ ഇന്നൊവേഷൻ മിഷന്റെ അടൽ ടിങ്കറിംഗ് ലാബ് ശൃംഖല വഴി സ്കൂൾ വിദ്യാർത്ഥികൾക്കായി മറ്റൊരു ഹാക്കത്തോണും സംഘടിപ്പിക്കും.