പാലക്കാട്: വീട്ടമ്മയിൽനിന്ന് സൈബർ തട്ടിപ്പിലൂടെ 10 ലക്ഷത്തിൽപ്പരം രൂപ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. കൊടുവായൂർ കുരുടൻകുളമ്പ് പിട്ടുപീടിക സായിദാസിനെയാണ് (34) പാലക്കാട് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.
വീട്ടിലിരുന്ന് ഗൂഗ്ൾ മാപ്പ് റിവ്യൂ റേറ്റിങ് ചെയ്ത് വരുമാനമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയിൽനിന്ന് 10,01,000 രൂപ തട്ടിയെടുക്കുകയായിരുന്നു. വ്യാജ വ്യാപാര സ്ഥാപനത്തിന്റെ മറവിൽ വിവിധ ബാങ്കുകളിൽ അക്കൗണ്ട് തുറന്ന് അത് തട്ടിപ്പുസംഘത്തിന് കൈമാറി കമീഷൻ കൈപ്പറ്റിവരുകയായിരുന്നു പ്രതി. ഇയാളുടെ രണ്ട് അക്കൗണ്ടുകളിലൂടെ ഏതാനും ദിവസങ്ങൾക്കുള്ളിൽത്തന്നെ മൂന്നര കോടിയോളം രൂപ കൈകാര്യം ചെയ്തതായാണ് പ്രാഥമിക നിഗമനം.
വീട്ടമ്മയുടെ പരാതിപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ സൈബർ പൊലീസ് തട്ടിപ്പുകാർ ഉപയോഗിച്ച ബാങ്ക് അക്കൗണ്ടുകൾ വിശകലനം ചെയ്തതിൽനിന്നാണ് വ്യാജ വ്യാപാര സ്ഥാപനത്തിന്റെ പേരിലുള്ള അക്കൗണ്ട് ഉടമയിലേക്ക് എത്തിയത്.
ജില്ല പൊലീസ് മേധാവി ആർ. ആനന്ദിന്റെ നിർദേശപ്രകാരം ഡി.സി.ആർ.ബി ഡിവൈ.എസ്.പി ടി.ആർ. രാജേഷിന്റെ മേൽനോട്ടത്തിൽ സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടർ പി.ഡി. അനൂപ് മോൻ, എസ്.ഐ വി. രാജേഷ്, എ.എസ്.ഐ എം. മനേഷ്, എസ്.സി.പി.ഒമാരായ എം. ഷിജു, എച്ച്. ഹിറോഷ്, സി.പി.ഒമാരായ നിയാസ്, വി. ഉല്ലാസ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.