ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ലോക്ക്ഡൗൺ സമയത്ത് പാവപ്പെട്ടവർ കാൽനടയായി വീടുകളിലേക്ക് മടങ്ങുമ്പോൾ നോക്കി നിൽക്കണമായിരുന്നോ എന്ന് പ്രിയങ്ക ചോദിച്ചു. കുടിയേറ്റക്കാർക്ക് മഹാരാഷ്ട്ര വിടാൻ കോൺഗ്രസ് സൗജന്യ ട്രെയിൻ ടിക്കറ്റ് നൽകിയെന്നും ഇത് പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ കൊവിഡ് പടരാൻ ഇടയാക്കിയെന്നും മോദി ആരോപിച്ചിരുന്നു. ജനങ്ങൾ നിസ്സഹായരായിരിക്കുന്നതാണോ പ്രധാനമന്ത്രി കാണാൻ ആഗ്രഹിക്കുന്നതെന്ന് പ്രിയങ്ക ചോദിച്ചു. കുടിയേറ്റക്കാരുടെ മടക്കയാത്രയിൽ കൊവിഡ് പടർന്നെങ്കിൽ മോദി നടത്തിയ വലിയ റാലികളുടെ കാര്യം കൂടി വിശദീകരിക്കണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു. ലോക്‌സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് മറുപടി പറയവേയാണ് പ്രധാനമന്ത്രി ആരോപണം ഉന്നയിച്ചത്.
കൊവിഡ് ഒന്നാം തരംഗ സമയത്ത് കോൺഗ്രസ് എല്ലാ പരിധികളും മറികടന്നു. ലോക്ക്ഡൗൺ സമയത്ത് ലോകാരോഗ്യ സംഘടന നൽകിയ ഉപദേശങ്ങൾ തള്ളി, തൊഴിലാളികളെ തിരികെ വീടുകളിലേക്ക് മടക്കി അയച്ചു. അതിന്റെ ഫലമായി പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ കൊവിഡ് അതിവേഗം പടർന്നു. കോൺഗ്രസ് ചെയ്തത് വലിയ പാപമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
പ്രതിപക്ഷം തൊഴിലാളികളെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. ഡൽഹി സർക്കാർ ചേരികളിൽ ജീപ്പുകളിൽ ചുറ്റിക്കറങ്ങി, വീട്ടിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് ബസുകൾ ക്രമീകരിച്ചിട്ടുണ്ടെന്ന് പ്രഖ്യാപിച്ചു. വൈറസ് പടരാത്ത ഉത്തർപ്രദേശിലും പഞ്ചാബിലും അണുബാധ വർധിച്ചു. ഇത് എന്ത് രാഷ്ട്രീയമാണ്, എത്രകാലം ഈ രാഷ്ട്രീയം തുടരും? കോൺഗ്രസിന്റെ പെരുമാറ്റം കണ്ട് രാജ്യം ഞെട്ടിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.