കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ ശിവസേനയിലേക്ക് പരസ്യമായി ക്ഷണിച്ച് ഉദ്ദവ് താക്കറെ. ബിജെപിയിൽ ഇനിയും അപമാനിതനായി തുടരേണ്ടെന്നും ശിവസേനാ സ്ഥാനാർഥിയാക്കി ജയിപ്പിക്കാമെന്നുമാണ് വാഗ്ദാനം. ക്ഷണത്തോട് ഗഡ്കരി പ്രതികരിച്ചിട്ടില്ല. ബിജെപി ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കിയപ്പോൾ മഹാരാഷ്ട്രയിൽ നിന്ന് ഒരു സീറ്റുപോലും ഉണ്ടായിരുന്നില്ല. മുന്നണിയിലെ സീറ്റ് ചർച്ച പൂർത്തിയാകാത്തതായിരുന്നു കാരണം. എന്നാൽ നിതിൻ ഗഡ്കരിയെ പോലെ ഉന്നത നേതാവിന്റെ കാര്യത്തിൽ കാത്തിരിപ്പ് വേണമോ എന്ന ചോദ്യം പലകോണിൽ നിന്നും ഉയർന്നു. ഗഡ്കരിയെ തഴഞ്ഞേക്കുമെന്നും അഭ്യൂഹങ്ങളുണ്ടായി. മോദിയും അമിത്ഷായുമായി ഗഡ്കരി കൂടിക്കാഴ്ച നടത്തി. ഈ ആശയക്കുഴപ്പത്തെ ആളിക്കത്തിക്കാനാണ് ഉദ്ദവ് താക്കറെയുടെ ശ്രമം.
ഗഡ്കരിയെ പോലൊരാൾ പാർട്ടി വിട്ടാൽ അത് മഹാരാഷ്ട്രയിൽ ബിജെപിക്ക് കനത്ത തിരിച്ചടിയാവും. നാഗ്പൂരിൽ ആർഎസ്എസ് പിന്തുണയുള്ള കരുത്തനാണ് അദ്ദേഹം. ഗഡ്കരി വന്നില്ലെങ്കിൽ പോലും കടുത്ത അനീതി അദ്ദേഹം നേരിടുന്നുണ്ടെന്ന പ്രചാരണം നടത്തുകയാണ് ഉദ്ദവ്. ഉദ്ദവിൻറെ ക്ഷണത്തോട് ഗഡ്കരി പ്രതികരിച്ചില്ലെങ്കിലും ഉദ്ദവിനെ ചുഛിച്ച് തള്ളുകയാണ് ദേവേന്ദ്ര ഫഡ്നാവിസ്.
അമേരിക്കൻ പ്രസിഡന്റിനെ തെരുവിൽ കഴിയുന്നയാൾ ക്ഷണിക്കും പോലെയാണ് ഉദ്ദവിന്റെ നടപടിയെന്ന് അദ്ദേഹം പരിഹരിച്ചു. P2C മുന്നണിയിലെ പാർട്ടികൾക്ക് ബിജെപി എത്രസീറ്റ് നൽകുമെന്നതിനൊപ്പം ഗഡ്ഗരിക്ക് സീറ്റുണ്ടാവുമോ എന്ന ആകാംക്ഷ കൂടി മഹാരാഷ്ട്രയിലെ ബിജെപിയുടെ സ്ഥാനാർഥി പട്ടികയെ ശ്രദ്ധേയമാക്കുന്നുണ്ട്.