ഫിറോസാബാദ്: ഉത്തർപ്രദേശിലെ ഫിറോസാബാദിലെ സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ രോഗിയുടെ വേഷത്തിലെത്തി അന്വേഷണം നടത്തി ഐ.എ.എസ് ഉദ്യോഗസ്ഥ. പ്രദേശത്തെ രോഗികൾ നേരിടുന്ന അസൗകര്യങ്ങൾ സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതിനെതുടർന്നാണ് ശേഷം അന്വേഷണം നടത്താൻ തീരുമാനിച്ചതെന്ന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (എസ്.ഡി.എം) കൃതി രാജ് പറഞ്ഞു.
10 മണിക്ക് ശേഷവും ആശുപത്രിയിൽ ഡോക്ടർ എത്തുന്നില്ലെന്നും ഡോക്ടറുടെ രോഗികളോടുള്ള പൊരുമാറ്റം ശരിയല്ലെന്നുമുള്ള നിരവധി പരാതികൾ ഉയർന്നിരുന്നു. തന്നോടും ഡോക്ടർ നല്ലരീതിയിലല്ല പൊരുമാറിയതെന്ന് കൃതി രാജ് പറയുന്നു.
ഉദ്യോഗസ്ഥരുടെ അറ്റന്‍റൻസ് രജിസ്റ്റർ പരിശോധിച്ചപ്പോഴും അപാകതകൾ കണ്ടെത്തിയതായി എസ്.ഡി.എം പറഞ്ഞു. ഒപ്പിട്ട പലരും ആശുപത്രിയിൽ ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തി. മരുന്നുകളിൽ പലതും കലാവധി കഴിഞ്ഞവയായിരുന്നെന്നും എസ്.ഡി.എം വ്യക്തമാക്കി.
ഇഞ്ചക്ഷനുകൾ പോലും കൃത്യമായി നൽകുന്നില്ലെന്നും ജനങ്ങളെ സേവിക്കുക എന്ന ലക്ഷ്യത്തോടെ ജീവനക്കാർ പ്രവർത്തിക്കുന്നില്ലെന്നും കൃതിരാജ് വ്യക്തമാക്കി. ആരോഗ്യ കേന്ദ്രം അധികൃതർക്കെതിരെ നടപടിയെടുക്കുമെന്നും എസ്.ഡി.എം അറിയിച്ചു.