കൊൽക്കത്ത: സഹോദരൻ ബാബുൻ ബാനർജിയെ തള്ളിപ്പറഞ്ഞ് പശ്ചമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രസൂൺ ബാനർജിയെ തൃണമൂൽ കോൺഗ്രസ് വീണ്ടും നാമനിർദേശം ചെയ്തതിൽ ബാബുൻ ബാനർജി എതിർപ്പ് പരസ്യമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മമത സഹോദരനെ തള്ളിപ്പറഞ്ഞത്.
എന്റെ കുടുംബവും ഞാനും ബാബുനുമായുള്ള എല്ലാ ബന്ധങ്ങളും വിഛേദിച്ചതാണ്. എല്ലാ തെരഞ്ഞെടുപ്പിന്റെ മുമ്പും അവൻ ഇതുപോലെ പ്രശ്നമുണ്ടാക്കും. അത്യാഗ്രഹിയായ ആളുകളെ എനിക്കിഷ്ടമല്ല. വംശീയ രാഷ്ട്രീയത്തെ അംഗീകരിക്കുന്നുമില്ല. അതിനാലാണ് ഞാൻ അദ്ദേഹത്തിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് നൽകിയത്. ഇതു പോലെ പ്രശ്നമുണ്ടാക്കുന്നതിനാലാണ് സഹോദരനുമായുള്ള എല്ലാ ബന്ധവും വിഛേദിച്ചത്. -മമത പറഞ്ഞു.
പ്രസൂണിനെ സ്ഥാനാർഥിയാക്കിയതിനു പിന്നാലെ ബാബുൻ രംഗത്തുവരികയായിരുന്നു. ഹൗറയിലെ സിറ്റിങ് എം.പിയാണിദ്ദേഹം. സ്ഥാനാർഥി നിർണയത്തിൽ തൃപ്തനല്ലെന്നായിരുന്നു ബാബുൻ തുറന്നടിച്ചത്. ഒരിക്കലും ശരിയായ തീരുമാനമായിരുന്നില്ല അത്. നിരവധി യോഗ്യരായവർ ഉള്ളപ്പോഴാണ് പ്രസൂണിനെ തെരഞ്ഞെടുത്തതെന്നും ബാബുൻ പറഞ്ഞു. ദീദി പലപ്പോഴും എന്റെ അഭിപ്രായങ്ങൾ വിലകൽപിക്കാറില്ല. എന്നാൽ സാധ്യമായാൽ ഹൗറയിൽ സ്വതന്ത്രനായി മത്സരിക്കുമെന്നും ബാബുൻ പ്രഖ്യാപിച്ചു. ഹൗറയിൽ നിന്ന് മൂന്നുതവണ വിജയിച്ചിട്ടുണ്ട് പ്രസൂൺ ബാനർജി. ബാബുൻ ബി.ജെ.പിയിൽ ചേരാനൊരുങ്ങുകയാണെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ അത്തരം റിപ്പോർട്ടുകൾ അദ്ദേഹം നിഷേധിച്ചു.