ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻറെ സംസ്ഥാന സന്ദർശനങ്ങള്‍ പൂര്‍ത്തിയായി. ജമ്മുകശ്മീരിലെ സന്ദർശനവും പൂര്‍ത്തിയാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് ദില്ലിയിലെത്തും. തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിച്ച ശേഷമേ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സൂചന നൽകി. സമ്പൂർണ്ണ യോഗം ചേർന്നായിരിക്കും ആലോചന നടത്തുക എന്ന് രാജീവ് കുമാർ ജമ്മുകശ്മീരില്‍ പറഞ്ഞു. നാളെയാണ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെയും നിയമനത്തിനായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സെലക്ഷൻ സമിതി യോഗം ചേരുന്നത്. ഞായറാഴ്ചയോടെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നത് എല്ലാ വശങ്ങളും പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. എത്രയും വേഗം ജമ്മു കശ്മീരില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് കമ്മീഷന്‍റെ ആഗ്രഹം.ജമ്മുകശ്മീരില്‍ ആകെ 86.9 ലക്ഷം വോട്ടർമാരാണുള്ളത്. ജമ്മുകശ്മീരില്‍ തെരഞ്ഞടുപ്പിനായി 11,629 പോളിങ്ങ് സ്റ്റേഷനുകള്‍ സജ്ജീകരിക്കും. തെരഞ്ഞെടുപ്പിനായി എല്ലാ സജ്ജീകരണങ്ങളും പൂർത്തീയായി. എല്ലാ പാര്‍ട്ടികള്‍ക്കും തുല്യ പ്രാധാന്യം ലഭിക്കേണ്ടതുണ്ട്.
ഇലക്ട്രല്‍ ബോണ്ട് വിവരങ്ങള്‍ 15ന് പ്രസിദ്ധീകരിക്കണമെന്നാണ് സുപ്രീംകോടതി നിർദേശം. തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നും സുതാര്യമായാണ് പ്രവര്‍ത്തിക്കുന്നത്.വിവരങ്ങള്‍ എസ്ബിഐ കൈമാറിയിട്ടുണ്ട്. ദില്ലിയില്‍ തിരിച്ചെത്തിയ ശേഷം വിവരങ്ങള്‍ പരിശോധിക്കും. കൃത്യ സമയത്ത് തന്നെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കും. ജില്ലാ കളക്ടർമാരുടെയും പൊലീസ് ഓഫീസർമാരുടെയും പ്രവർത്തനം നിഷ്പക്ഷമായിരിക്കണം. ഒരു പാര്‍ട്ടിയോടും പക്ഷപാതിത്വം ഉണ്ടാകരുത്. എല്ലാ പാർട്ടികള്‍ക്കും പ്രചരണത്തിനുള്ള സുരക്ഷ ഒരുപോലെ ലഭ്യമാക്കണം. ജില്ലാ കളക്ടർമാരുടെയും പൊലീസ് ഓഫീസർമാരുടെയും പ്രവർത്തനം നിഷ്പക്ഷമായിരിക്കണം. ഒരു പാര്‍ട്ടിയോടും പക്ഷപാതിത്വം ഉണ്ടാകാരുത്. എല്ലാ പാർട്ടികള്‍ക്കും പ്രചരണത്തിനു്ള്ള സുരക്ഷ ഒരുപോലെ ലഭ്യമാക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി.