കട്ടപ്പന: ഹൈറേഞ്ചിലെ ക്രൈസ്തവ ദേവാലയങ്ങളോട് അനുബന്ധിച്ചുള്ള കുരിശു പള്ളികൾ കല്ലെറിഞ്ഞ് നശിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പുളിയൻലേ ബി.ടി.ആർ നഗർ ഭാഗത്ത് ചെറുകുന്നേൽ ജോബിൻ(35) ആണ്അറസ്റ്റിലായത് . വിവാഹ മോചിതനായ ജോബിൻ വീണ്ടും വിവാഹിതനാകാൻ ആലോചനകൾ നടത്തുന്നുണ്ടായിരുന്നു. ഇവ മുടങ്ങുന്നതിലുള്ള വൈരാഗ്യത്തെ തുടർന്നാണ് ആക്രമണം നടത്തിയതെന്നാണ് പറയുന്നത്.
തിങ്കളാഴ്ച രാത്രിയാണ് ഇരുപതേക്കർ മുതൽ കമ്പംമെട്ട് മൂങ്കിപ്പള്ളം വരെയുള്ള മേഖലകളിലെ കുരിശടികൾക്കു നേരെ ഇയാൾ കല്ലെറിഞ്ഞത്. സി.സി.ടി.വിയിൽ ആക്രമണ ദൃശ്യങ്ങൾ പതിഞ്ഞിരുന്നെങ്കിലും വ്യക്തമല്ലായിരുന്നു. ഇതേതുടർന്ന്
ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീപിന്റെ നിർദേശപ്രകാരം കട്ടപ്പന ഡിവൈഎസ്പി പി.വി.ബേബി ഈ കേസന്വേഷണത്തിന് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചിരുന്നു. വണ്ടൻമേട് എസ്.എച്ച്.ഒ ഷൈൻകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ഡിജു ജോസഫ്, എഎസ്‌ഐ ജെയിംസ്, എസ്.സി.പി.ഒ പ്രശാന്ത് കെ.മാത്യു, സി.പി.ഒ അൽബാഷ് എന്നിവർ ഉൾപ്പെട്ടതായിരുന്നു സംഘം. ഇവരുടെ നേതൃത്വത്തിൽ വ്യാഴാഴ്ച വൈകിട്ട് ആറോടെയാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ വിവിധ ക്രൈസ്തവ വിഭാഗങ്ങൾ പ്രതിഷേധിച്ചിരുന്നു.