പാലപ്പിള്ളി > തൃശ്ശൂർ പാലപ്പിള്ളിയിൽ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി. കാരികുളം, പത്തുകുളങ്ങര, പിള്ളതോട്, എലിക്കോട് എന്നിവിടങ്ങളിലായി 75ഓളം കാട്ടാനകളാണ് എത്തിയത്. പാലപ്പള്ളി മേഖലയിലെ റബ്ബർ തോട്ടത്തിൽ കുറച്ചുനാളായി കുട്ടിയാനകൾ ഉൾപ്പെടെയുള്ള കാട്ടാനക്കൂട്ടം തമ്പടിക്കുന്നത് പതിവായിരുന്നു. കാരികുളത്ത് ഇറങ്ങിയ കാട്ടാനകള്‍ ജനവാസ മേഖലയ്ക്ക് 200 മീറ്ററോളം അടുത്ത് വരെയെത്തി.
ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് പടക്കം പൊട്ടിച്ചും സൈറൺ മുഴക്കിയും ആനകളെ ജനവാസ മേഖലയിൽ നിന്നും അകറ്റിയിട്ടുണ്ട്. ആനകളെ കാടു കയറ്റാനുള്ള ശ്രമം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തുടരുകയാണ്. വെള്ളിയാഴ്ച രാവിലെ 9 മണിയോടെ പിള്ളത്തോട് പാലത്തിന് സമീപവും കാട്ടാനക്കൂട്ടം ഇറങ്ങിയിരുന്നു. രാത്രി ഇറങ്ങുന്ന കാട്ടാനകള്‍ പലയിടങ്ങളിലും കൃഷി നശിപ്പിക്കുന്നുണ്ട്.