ന്യൂഡൽഹി: ഡൽഹി സർക്കാറിന്‍റെ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ബി.ആർ.എസ് നേതാവ് കെ. കവിത അറസ്റ്റിൽ. ഇന്ന് ഉച്ചയോടെ കെ. കവിതയെ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.ഇന്ന് രാവിലെ മുതൽ കവിതയുടെ ഹൈദരാബാദിലെ വീട്ടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി.), ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു.
കെ. ചന്ദ്രശേഖർ റാവുവിന്‍റെ മകളായ കവിത, ഡൽഹി മദ്യനയ അഴിമതിയിൽ നിർണായക പങ്കുവഹിച്ച ‘സൗത്ത് ഗ്രൂപ്പി’ന്‍റെ ഭാഗമാണെന്ന് ഇ.ഡി ആരോപിക്കുന്നു. ഹൈദരാബാദ് വ്യവസായി ശരത് റെഡ്ഡി, വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി എം.പി മഗുന്ത ശ്രീനിവാസലു റെഡ്ഡി, മകൻ രാഘവ് മഗുന്ത റെഡ്ഡി എന്നിവരാണ് ‘സൗത്ത് ഗ്രൂപ്പി’ലെ മറ്റുള്ളവർ എന്നാണ് ഇ.ഡി. ആരോപണം. കേസുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടിയുടെ മുതിർന്ന നേതാക്കളായ മനീഷ് സിസോദിയയും സഞ്ജയ് സിങ്ങും നിലവിൽ ജയിലിലാണ്.
2023ൽ ഇ.ഡി കവിതയെ ചോദ്യം ചെയ്തിരുന്നുവെങ്കിലും ഈ വർഷം ജനുവരിയിലും ഫെബ്രുവരിയിലും സമൻസ് അയച്ചതിന് ഹാജരായിരുന്നില്ല. താൻ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ബി.ജെ.പി രാഷ്ട്രീയ നേട്ടങ്ങൾക്കായി ഇ.ഡിയെ ഉപയോഗിക്കുകയാണെന്നുമാണ് കെ. കവിത പറയുന്നത്.