ഇലക്ടറൽ ബോണ്ട് വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചതിന് ശേഷം എല്ലാവരേയും അദ്ഭുതപ്പെടുത്തുന്നതായിരുന്നു റിലയൻസ് ആർക്കും സംഭാവന നൽകിയില്ല എന്നത്. പട്ടികയിൽ ഒരിടത്തും റിലയൻസിന്റെ പേരുകൾ പരാമർശിച്ചിരുന്നില്ല. എന്നാൽ റിലയൻസ് നേരിട്ടല്ല, കമ്പനിക്ക് ബന്ധമുള്ള മറ്റൊരു സ്ഥാപനം വഴിയാണ് ബോണ്ട് വാങ്ങിയതെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. റിലയൻസുമായി ബന്ധമുള്ള കമ്പനിയായ ക്വിക്ക് സപ്ലൈ ചെയിൻ പ്രൈവറ്റ് ലിമിറ്റഡ് ഇലക്ടറൽ ബോണ്ടുകൾ വഴി രാഷ്ട്രീയ പാർട്ടികൾക്ക് 410 കോടി രൂപ സംഭാവന നൽകിയതായുള്ള റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത് .ക്വിക് സപ്ലൈ ചെയിന് മൂന്ന് ഡയറക്ടർമാരുണ്ട് – തപസ് മിത്ര, വിപുൺ പ്രൻലാൽ മേത്ത, ശ്രീധർ ടിറ്റി എന്നിവരാണിവർ. 2014 നവംബർ 17-ന് നിയമിതനായ തപസ് മിത്രയാണ് ഇതിൽ ഏറ്റവും കൂടുതൽ കാലം ഡയറക്ടറായിരുന്ന വ്യക്തി. ഒമ്പത് വർഷത്തിലേറെയായി മിത്ര കമ്പനി ബോർഡിൽ ഉണ്ട്. അതേസമയം തന്നെ, റിലയൻസ് ഇറോസ് പ്രൊഡക്ഷൻസ് എൽഎൽപി, റിലയൻസ് ടാങ്കേജസ് പ്രൈവറ്റ് ലിമിറ്റഡ്, റിലയൻസ് ഗ്രൂപ്പ് സപ്പോർട്ട് സർവീസ് പ്രൈവറ്റ് ലിമിറ്റഡ്, റിലയൻസ് ഫയർ ബ്രിഗേഡ് സർവീസ് പ്രൈവറ്റ് ലിമിറ്റഡ്, ജാംനഗർ കാൻഡ്‌ല പൈപ്പ്‌ലൈൻ കമ്പനി തുടങ്ങി 25 കമ്പനികളിൽ അദ്ദേഹത്തിന് ഡയറക്ടർ സ്ഥാനമുണ്ട്.
2010 ഡിസംബർ മുതൽ, കമ്പനിയുടെ സാമ്പത്തിക ഇടപാടുകളുടെ മേൽനോട്ടം വഹിക്കുന്ന മിത്ര അക്കൗണ്ട്സ് മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട് . ഇതിന് മുമ്പ്, മിത്ര 2004 ജൂലൈ മുതൽ 2010 ഡിസംബർ വരെ അക്കൗണ്ട്‌സ് വിഭാഗത്തിൽ സീനിയർ മാനേജർ, ജനറൽ മാനേജർ പദവി വഹിച്ചിട്ടുണ്ട്.
അതേ സമയം റിലയൻസ് ഇൻഡസ്ട്രീസ് വക്താവ് ക്വിക് സപ്ലൈ ചെയിൻ പ്രൈവറ്റ് ലിമിറ്റഡുമായുള്ള ബന്ധം നിഷേധിച്ചു.. 2021-22 സാമ്പത്തിക വർഷത്തിൽ മാത്രം കമ്പനി രാഷ്ട്രീയ പാർട്ടികൾക്ക് 360 കോടി രൂപ സംഭാവന നൽകി. 2022 സാമ്പത്തിക വർഷത്തിൽ ക്വിക് സപ്ലൈ ചെയിൻ അറ്റാദായം 21.72 കോടി രൂപ മാത്രമാണ്, 2024 സാമ്പത്തിക വർഷത്തിൽ കമ്പനി 50 കോടി രൂപയുടെ രാഷ്ട്രീയ സംഭാവന നൽകി. 2023 മാർച്ച് 31 ആയപ്പോഴേക്കും ക്വിക് സപ്ലൈ ചെയിനിന്റെ വരുമാനം 500 കോടി കവിഞ്ഞു.