ആലപ്പുഴ: വിദ്യാഭ്യാസബന്ദ് എന്ന പേരിൽ കെഎസ്‌യുക്കാർ ആലപ്പുഴയിൽ സ്‌കൂളിൽ അതിക്രമിച്ചുകയറി മാനേജരെയും ജീവനക്കാരനെയും മൃഗീയമായി മർദിച്ച് ഓഫീസ് തല്ലിത്തകർത്തു. വനിതാ പ്രിൻസിപ്പലിനെ അസഭ്യം പറയുകയുംചെയ്‌തു. പൊതുപരീക്ഷ ആരംഭിച്ച മാർച്ച് അഞ്ചിനാണ് കെഎസ്‌യുവിന്റെ ആറംഗ അക്രമിസംഘം നീർക്കുന്നം അൽഹുദ ഇംഗ്ലീഷ് സ്‌കൂളിൽ ആക്രമണം നടത്തിയത്.
അക്രമദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. അക്രമവുമായി ബന്ധപ്പെട്ട് കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി വണ്ടാനം മുപ്പതിൽചിറ മാഹീൻ ജബ്ബാർ (29), നിയോജക മണ്ഡലം വൈസ്‌പ്രസിഡന്റ് തിരുവമ്പാടി മാളികപറമ്പിൽ തൻസിൽ നൗഷാദ് (25), നിയോജക മണ്ഡലം സെക്രട്ടറി ഇരവുകാട് പനപറമ്പിൽ അർജുൻ ഗോപകുമാർ (23) എന്നിവർക്കെതിരെ പൊലീസ് കേസെടുക്കുകയും അറസ്‌റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കുകയുംചെയ്‌തു. കോടതി ഇവരെ റിമാൻഡ് ചെയ്‌തു.
പകൽ 10.50ന് സ്‌കൂളിലെത്തിയ സംഘം കുട്ടികളെ പുറത്തിറക്കി വിടണമെന്ന് പ്രിൻസിപ്പൽ ബീനാ സെബാസ്‌റ്റ്യനോട് ആവശ്യപ്പെട്ടു. ഒമ്പതുവരെ ക്ലാസുകളിലെ ചെറിയ കുട്ടികളാണ് സ്‌കൂളിലുള്ളതെന്നും വാർഷികപ്പരീക്ഷ നടക്കുകയാണെന്നും ഈ സമയത്ത് ഇറക്കിവിടാൻ കഴിയില്ലെന്നും അധ്യാപിക പറഞ്ഞെങ്കിലും കെഎസ്‌യു നേതാക്കൾ കൂട്ടാക്കിയില്ല. അസഭ്യവർഷവും ഭീഷണിയും ആരംഭിച്ചതോടെ അധ്യാപിക സ്‌കൂൾ മാനേജർ എ നൗഷാദിനെ വിളിച്ചുവരുത്തി.
അധ്യാപികയെ അസഭ്യം പറയുന്നത് മാനേജർ ചോദ്യംചെയ്‌തതോടെ കെഎസ്‌യു നേതാക്കൾ ആക്രമണം നടത്തുകയായിരുന്നു. അഞ്ചുപേർ ചേർന്ന് മാനേജരെ ചുവരിൽ ചേർത്തുനിർത്തി മർദിച്ചു. മാനേജർ ഹൃദയശസ്‌ത്രക്രിയ കഴിഞ്ഞ ആളാണെന്നും മർദിക്കരുതെന്നും പറഞ്ഞ് ജീവനക്കാർ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും കൂട്ടാക്കിയില്ല.
ട്രോഫികളും ഫയലുകളും കുട്ടികളുടെ ഹാൾടിക്കറ്റും മേശപ്പുറത്തെ ചില്ലും ലാപ്ടോപ്പും തല്ലിത്തകർത്തു. 60,000 രൂപയുടെ നഷ്‌ടം കണക്കാക്കുന്നു. മാനേജരെ ജീവനക്കാർ ചേർന്ന് ഓഫീസിന് പുറത്തിറക്കിയെങ്കിലും അവിടെവച്ചും ഇവർ മർദിച്ചു. അന്യായമായി സംഘംചേരുക, അസഭ്യം പറയുക, കൈകൊണ്ട് ആക്രമിക്കുക, സ്വകാര്യസ്വത്തിന് നഷ്‌ടമുണ്ടാക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് അമ്പലപ്പുഴ പൊലീസ് ഇവർക്കെതിരെ കേസെടുത്തത്. മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.