തിരുവനന്തപുരം> മുൻ കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ മക്കളായ പത്മജ വേണുഗോപാലിന്റേയും അനിൽ ആന്റണിയുടേയും ബിജെപി പ്രവേശത്തിൽ തെറ്റില്ലെന്ന നിലപാട് ആവർത്തിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. കോൺഗ്രസിൽ പ്രവർത്തിക്കാൻ കഴിയില്ലെന്ന് തീരുമാനിച്ചാൽ പോവുന്നതാണ് നല്ലതെന്നും വ്യക്തിപരമായി തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം ഇരുവർക്കുമുണ്ടെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു. “ഏത് പാർട്ടിയിൽ വേണമെങ്കിലും പോകാം. അത് അവരുടെ തീരുമാനമാണ്. അവരെ സംബന്ധിച്ച് അതൊരു ശരിയായ തീരുമാനമാണ്. ഒരു വ്യക്തി പോയതുകൊണ്ട് പാർട്ടിക്ക് ഒരു നഷ്ടവുമില്ല. പാർട്ടിയെ സംബന്ധിച്ച് ഇതു ശരിയായ തീരുമാനമാണ്. ഇവർ പാർട്ടിയിൽ നിൽക്കാൻ യോഗ്യരല്ല”- ചാണ്ടി ഉമ്മൻ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിലൂടെ കോൺഗ്രസ് വീണ്ടും രാജ്യത്ത് അധികാരത്തിലെത്തുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.