കൊച്ചി> സംസ്ഥാനത്ത് വന്യജീവി ആക്രമണം പ്രതിരോധിക്കാനുള്ള നടപടികളോട് കേന്ദ്രസർക്കാരിന് അനുകൂല സമീപനമില്ലെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യാൻ ആവശ്യപ്പെട്ടിട്ടും തയ്യാറായില്ല. പ്രതിരോധപ്രവർത്തനങ്ങൾക്കായി ദീർഘ, ഹ്രസ്വകാല പദ്ധതികൾ സമർപ്പിച്ചപ്പോൾ സ്വന്തം നിലയ്‌ക്ക് ചെയ്യാൻ കേരളത്തോട് ആവശ്യപ്പെടുകയായിരുന്നുവെന്നും മന്ത്രി എറണാകുളം പ്രസ്‌ക്ലബ്ബിൽ മുഖാമുഖത്തിൽ പറഞ്ഞു.
വന്യജീവി ആക്രമണത്തിനെതിരെ പ്രതിരോധപ്രവർത്തനങ്ങൾ സംസ്ഥാനത്ത് ഫലപ്രദമായി നടക്കുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കും. ആവശ്യമായ ഇടങ്ങളിൽ വാച്ചർമാരെ താൽക്കാലികമായി നിയോഗിക്കും. ആർആർടിഎകളുടെ എണ്ണം വർധിപ്പിക്കും. വന്യമൃഗങ്ങൾക്ക് കാടിനകത്ത് ജലം ലഭ്യമാക്കും. ഇതിന്റെ ഭാഗമായി വനത്തിലെ കുളങ്ങളിലടക്കം ജലലഭ്യത ഉറപ്പാക്കും.
വന്യജീവി ആക്രമണം സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ രൂപീകരിച്ച സമിതി വീണ്ടും യോഗം ചേരും. അരിക്കൊമ്പന്റെ ആരോഗ്യനില തൃപ്‌തികരമാണ്. മൂന്നാറിലിറങ്ങുന്ന കാട്ടാന പടയപ്പയെ ഉൾവനത്തിലേക്ക് അയക്കാനുള്ള ശ്രമം പരാജയപ്പെട്ടാൽ മാത്രമേ മയക്കുവെടിവയ്‌ക്കൂവെന്നും മന്ത്രി പറഞ്ഞു.
എൽഡിഎഫ് മികച്ച വിജയം നേടും
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മികച്ച വിജയം നേടാനുള്ള അന്തരീക്ഷമാണ് സംസ്ഥാനത്തെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. രാജ്യത്ത് മതന്യൂനപക്ഷങ്ങൾ ആശങ്കയിലാണ്. ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള നീക്കമാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ നടത്തുന്നത്. അതിന് കേരളം അനുവദിക്കില്ലെന്ന പ്രഖ്യാപനമാകും എൽഡിഎഫിന്റെ ഉജ്വല വിജയമെന്നും മന്ത്രി പറഞ്ഞു.