കൊല്ലം: അന്താരാഷ്‌ട്ര വിപണിയിൽ ആവശ്യക്കാർ ഏറെയുള്ള പടത്തിക്കോര(കടൽപ്പൊന്ന്)യുടെ പ്രിയ മാർക്കറ്റായി നീണ്ടകര ഹാർബർ. അഞ്ചു ദിവസത്തിനിടെ നാലെണ്ണം വിറ്റത് 5.10 ലക്ഷത്തിന്. ഇതിൽ കഴിഞ്ഞ ദിവസം ഒന്ന് ലേലത്തിൽ പോയത് 2.40ലക്ഷം രൂപയ്‌ക്കാണ്. ഇതിനു തൊട്ടുമുമ്പ് 1.10 ലക്ഷത്തിന്റെ രണ്ട് മീൻ വിറ്റു. 2022ൽ മൂന്നു മീൻ രണ്ടേകാൽ ലക്ഷം രൂപയ്‌ക്കും വിറ്റു.
ഏപ്രിൽ, മെയ് മാസങ്ങളിലാണ് പടത്തിക്കോര ലഭിക്കുന്നത്. മുംബൈയിലെയും കൊൽക്കത്തയിലെയും രണ്ടു ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ലേലത്തിൽ പിടിച്ചത്. പവിഴപ്പുറ്റും പാരും ധാരാളമുള്ള ‘കൊല്ലം ബാങ്കിൽ’ ഉൾപ്പെട്ട കായംകുളം മുതൽ ക്ലാപ്പന വരെയുള്ള ഭാഗങ്ങളിൽനിന്നാണ് ഇവ ലഭിക്കാറെന്ന് മീൻ പിടുത്ത തൊഴിലാളികൾ പറഞ്ഞു. നേരത്തെ ഗുജറാത്ത്, മഹാരാഷ്‌ട്ര ഭാഗങ്ങളിലാണ് ഇവ കൂടുതലായി ലഭിച്ചിരുന്നത്. പ്രോട്ടോണിബിയ ഡയകാന്തസ് എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ‘സ്വിം ബ്ലാഡറാ’ണ് മീനിന്റെ വില ഉയർത്തുന്നത്. ഹൃദയം ഉൾപ്പെടെ ആന്തരികാവയവങ്ങളുടെ ശസ്‌ത്രക്രിയക്ക് ആവശ്യമായ നൂൽ ഉൽപ്പാദിപ്പിക്കുന്നതിന് പടത്തിക്കോരയുടെ സ്വിം ബ്ലാഡർ അവിഭാജ്യഘടകമാണ്.
വ്യാവസായികാടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കും
പടത്തിക്കോരയെ ക്രിത്രിമ പ്രജനനത്തിലൂടെ വ്യാവസായിക അടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കാനുള്ള പ്രാരംഭ പ്രവർത്തനം സിഎംഎഫ്‌ആർഐ വിശാഖപട്ടണം കേന്ദ്രത്തിൽ തുടങ്ങിയതായി കൊച്ചി സിഎംഎഫ്‌ആർഐ ഡയറക്ടർ ഡോ. എ ഗോപാലകൃഷ്‌ണൻ പറഞ്ഞു. നീണ്ടകര ഹാർബർ കേന്ദ്രീകരിച്ച് കൂടുതൽ പഠനം നടത്തും. നീണ്ടകരയിലെ മീൻപിടുത്ത തൊഴിലാളികളുമായി പ്രാഥമിക ചർച്ച നടത്തിയതായി പ്രിൻസിപ്പല്‍ സയന്റിസ്‌റ്റ് ഡോ. രേഖ ജെ നായർ പറഞ്ഞു.