കൊച്ചി : സ്വര്‍ണക്കടത്തു കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഇന്ന് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാന്‍ സ്വപ്ന സുരേഷിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടിസ് നല്‍കി. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി 15നു ഹാജരാകാമെന്നു സ്വപ്ന ഇമെയിലില്‍ അറിയിച്ചു. ഇഡി അനുമതി നല്‍കിയിട്ടില്ല. കള്ളക്കടത്തു തടയല്‍ നിയമപ്രകാരമുള്ള (കോഫെപോസ) കരുതല്‍ തടങ്കല്‍ കഴിഞ്ഞു പുറത്തിറങ്ങിയശേഷം സ്വപ്ന ഇഡി ഓഫിസിലെത്തി മുന്‍പുനല്‍കിയ ചില മൊഴികളില്‍ വ്യക്തത വരുത്തിയിരുന്നു. സ്വന്തം കൈപ്പടയില്‍ മൊഴികള്‍ എഴുതിനല്‍കിയാണ് അന്നു മടങ്ങിയത്. മുഖ്യമന്ത്രിയുടെ പേരു പറയാന്‍ ഇഡി ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തിയെന്ന ശബ്ദരേഖ വ്യാജമാണെന്ന് അന്നു സമ്മതിച്ചിരുന്നെങ്കിലും അതിനുപിന്നില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറാണെന്നു പറഞ്ഞത് ഇപ്പോള്‍ മാത്രമാണ്.
ഇഡിയുടെ കസ്റ്റഡിയില്‍ കഴിഞ്ഞുകൊണ്ട് ഇത്തരമൊരു ഗൂഢാലോചനയില്‍ ശിവശങ്കര്‍ എങ്ങനെ പങ്കാളിയായെന്ന ചോദ്യമുണ്ട്. സുരക്ഷാ ചുമതലയുണ്ടായിരുന്ന വനിതാ പൊലീസിന്റെ ഫോണിലാണു സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ തന്നോടു ശബ്ദസന്ദേശം തയാറാക്കാന്‍ നിര്‍ദേശിച്ചതെന്നാണു സ്വപ്നയുടെ മൊഴി. മറ്റു വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.