ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥികളുടെ അഞ്ചാം ഘട്ട പട്ടികയിൽ അപ്രതീക്ഷിത സ്ഥാനം നേടിയത് സിനിമാ താരം കങ്കണാ റണാവത്താണ്. ഹിമാചൽ പ്രദേശിലെ മണ്ഡി മണ്ഡലത്തിലാണ് താരം മത്സരിക്കുന്നത്. മണ്ഡിയിലെ ഒരു ചെറിയ നഗരത്തിലാണ് കങ്കണ ജനിച്ചത്. അതിനാൽത്തന്നെ മണ്ഡലത്തിന് ലഭിക്കാവുന്നതിൽവെച്ച് മികച്ച സ്ഥാനാർഥിയാണ് കങ്കണ എന്നാണ് പാർട്ടിപക്ഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത ആരാധികയാണ് താനെന്ന് കങ്കണതന്നെ നിരവധി തവണ പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്ട്രീ പ്രവേശനത്തേക്കുറിച്ച് രണ്ടു വർഷത്തിലേറെയായി കങ്കണ സൂചനകൾ നൽകുന്നുണ്ടായിരുന്നു.
കങ്കണയുടെ 37ാം പിറന്നാളിന് തൊട്ടുപിന്നാലെയാണ് സ്ഥാനാർഥി പ്രഖ്യാപനം. പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഇവർ ഹിമാചലിലുണ്ടായിരുന്നു. കുറച്ചു വർഷങ്ങളായി ബിജെപിയ്ക്കൊപ്പമാണ് കങ്കണ. സമൂഹമാധ്യമങ്ങളിലൂടെ പാർട്ടിക്കുവേണ്ടി വളരെ രൂക്ഷമായ ഭാഷയിൽ സംസാരിക്കുന്ന കങ്കണ ഏറെ വിമശനങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്. അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിലുടനീളം കങ്കണ പങ്കെടുത്തു. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ റജിസ്റ്റർ തുടങ്ങി ബിജെപിയുടെ എല്ലാ നയങ്ങളെയും പദ്ധതികളെയും കണ്ണുംപൂട്ടി പിന്തുണയ്ക്കുന്ന കങ്കണ പാർട്ടിക്കും അണികൾക്കും ഏറെ പ്രിയപ്പെട്ട വ്യക്തിയാണ്.
കങ്കണയുടെ മുതുമുത്തച്ഛൻ സർജു സിങ് റണാവത്ത് ഗോപാൽപുരിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ആയിരുന്നു. കോൺഗ്രസിനെ പിന്തുണച്ചിരുന്ന കുടുംബം കങ്കണ കാരണം ബിജെപിയിലായി എന്ന് കങ്കണയുടെ അമ്മ ആശാ റണാവത്ത് ഒരിക്കൽ വെളിപ്പെടുത്തി. തെരഞ്ഞെടുപ്പിൽ മണ്ഡിയിൽ മത്സരിക്കാൻ തന്നെ തെരഞ്ഞെടുത്തതിൽ അഭിമാനമുണ്ടെന്ന് കങ്കണ എക്സിൽ കുറിച്ചു.