കൊച്ചി : കോട്ടയം കുടവെച്ചൂർ വടപ്പുറത്തുചിറ ജിജോ ആന്റണിയെ (27) കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ഐ.ജി. അന്വേഷിക്കണമെന്ന് ഹൈക്കോടതി. 35 സെന്റിമീറ്റർ മാത്രം ഉയരത്തിൽ വെള്ളമുള്ള കനാലിൽ ആരോഗ്യമുള്ളയാൾ മുങ്ങിമരിച്ചു എന്നത് അവിശ്വസനീയമാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് കെ. ഹരിപാലിന്റെ ഉത്തരവ്. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ജിജോയുടെ പിതാവ് ആന്റണി നൽകിയ ഹർജി തീർപ്പാക്കിക്കൊണ്ടാണ് ഉത്തരവ്.
നവംബർ ഏഴിന് രാത്രി ഒൻപത് മണിയോടെ കുമരകത്ത് കവണാറ്റിൻകരയിൽ ലക്ഷ്മി ഹോട്ടലിനു പിന്നിലെ ചെറിയ കനാലിലാണ് ജിജോയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് മർദിച്ചതിനെ തുടർന്ന് ജിജോ കൊല്ലപ്പെട്ടതാണെന്നായിരുന്നു ഹർജിയിൽ ആരോപിച്ചത്.ജിജോയെ പിന്തുടർന്ന് പോലീസ് ഹോട്ടലിലേക്ക് പോകുന്നതും പിന്നീട് മടങ്ങുന്നതും സി.സി.ടി.വി. ദൃശ്യങ്ങളിലുണ്ടെന്ന് കോടതി വിലയിരുത്തി. ഇതിനിടയിൽ എന്ത് സംഭവിച്ചു എന്നുമാത്രം അറിയില്ല. അതെന്തായാലും അതിനുശേഷം ആരും ജിജോയെ കണ്ടിട്ടില്ല. ആ രാത്രിതന്നെ ജിജോയുടെ മൃതദേഹം കനാലിൽ കണ്ടെത്തുകയും ചെയ്തു. മൃതദേഹത്തിൽ മുറിവുകൾ ഉണ്ടായിരുന്നു. അതു സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യമാണ്.
സംഭവ ദിവസം രാത്രിതന്നെ പോലീസ് ജിജോയുടെ പിതാവിനെ ബന്ധപ്പെട്ട് തൊട്ടടുത്ത ദിവസം രാവിലെ 10-ന് മകനെ സ്റ്റേഷനിൽ ഹാജരാക്കണമെന്ന് പറഞ്ഞതിലും അസ്വാഭാവികതയുണ്ട്. സംഭവം നടക്കുമ്പോൾ ജിജോയോടൊപ്പം മറ്റൊരാളും ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്. എന്നാൽ അയാളെക്കുറിച്ച് യാതൊന്നും കേസ് ഡയറിയിൽ പറയുന്നില്ലെന്നും കോടതി വിലയിരുത്തി.
പോലീസ് ഉദ്യോഗസ്ഥർക്കെതിരേയും ആരോപണം ഉയരുന്ന കേസിൽ ജില്ലയിൽ തന്നെയുള്ള ഉദ്യോഗസ്ഥർ അന്വേഷിക്കുന്നത് ശരിയാവില്ലെന്ന് വിലയിരുത്തിയാണ് ഐ.ജി.യുടെ നേതൃത്വത്തിൽ അന്വേഷിക്കണമെന്ന് നിർദേശിച്ചിരിക്കുന്നത്. കുമരകം കവണാറ്റിൻകരയിൽ വെച്ച് നവംബർ ഏഴിന് രാത്രി 8.20-ന് ജില്ല പോലീസ് മേധാവിയുടെ ഡ്രൈവർ സതീഷ് ചന്ദ്രനെ ജിജോ തടഞ്ഞുവെന്നായിരുന്നു ആരോപണം. ഇതിനുശേഷം ലക്ഷ്മി ഹോട്ടലിലേക്കു പോയ ജിജോയെ പോലീസ് പിന്തുടർന്നതിന്റെയും മടങ്ങുന്നതിന്റെയും ദൃശ്യങ്ങളാണ് കോടതിയിൽ ഹാജരാക്കിയത്. ഹോട്ടലിൽ തിരഞ്ഞെങ്കിലും കണ്ടെത്തിയില്ലെന്നായിരുന്നു സർക്കാർ അറിയിച്ചത്. ഹോട്ടലിന്റെ പിന്നിലെ ഗെയ്റ്റ് ചാടിക്കടന്ന ജിജോ കനാലിലേക്കു വീണ് മരിച്ചതായിരിക്കാമെന്നും വിശദീകരിച്ചു. മുങ്ങിമരണമാണെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.