തൃപ്പൂണിത്തുറ > തൃപ്പൂണിത്തുറയിൽ യുവതിയെ ഭർത്താവ് നടുറോഡിൽ വെട്ടിപ്പരിക്കേൽപ്പിച്ചു. ആലപ്പുഴ ഇളവനമനച്ചിറ പുന്നമട ധന്യ (35)യെയാണ് ഭർത്താവ് ചേർത്തല വയലാർ ഇളവനച്ചിറ രതീഷ് (41) വാക്കത്തിക്ക് വെട്ടിയത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് ധന്യ പൊലാസ് സ്റ്റേഷനിലെത്തി മടങ്ങവെയാണ് ആക്രമണം. വൈക്കം റോഡിൽ കണ്ണൻകുളങ്ങരയിൽ ശനിയാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം.
പൊലീസ് സ്റ്റേഷനിൽ നിന്നും സ്കൂട്ടറിൽ വരികയായിരുന്ന ധന്യയെ ബൈക്കിലെത്തിയ രതീഷ് ഇടിച്ചു വീഴ്ത്തിയ ശേഷം കഴുത്തിന് വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ താലൂക്കാശുപത്രിയിലെത്തിച്ച ശേഷം പിന്നീട് കളമശ്ശേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. രതീഷും ധന്യയും മൂന്നു വർഷമായി പിരിഞ്ഞാണ് താമസിക്കുന്നത്. രതീഷിനെ ഹിൽപാലസ് പൊലീസ് കസ്റ്റഡിയിലെടുത്തു.