ദില്ലി: ഭാര്യയുടെ ക്രൂരമായ പീഡനത്താല്‍ ദാമ്പത്യം തുടരാന്‍ കഴിയില്ലെന്ന് വിമാഹമോചന ഹര്‍ജി നല്‍കിയ സെലിബ്രിറ്റി ഷെഫ് കുനാൽ കപൂറിന് ഡല്‍ഹി ഹൈക്കോടതി ചൊവ്വാഴ്ച വിവാഹമോചനം അനുവദിച്ചു. നേരത്തെ വിവാഹമോചനം നിഷേധിച്ച കുടുംബ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് കപൂർ നൽകിയ അപ്പീലിലാണ് ഹൈക്കോടതി വിധി. പങ്കാളിക്കെതിരെ അപകീർത്തികരവും അപമാനകരവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ പരസ്യമായി ഉന്നയിക്കുന്നത് ക്രൂരതയ്ക്ക് തുല്യമാണെന്ന് ഹൈക്കോടതി വിധിയില്‍ പറയുന്നു.
ജസ്റ്റിസുമാരായ സുരേഷ് കുമാർ കൈറ്റിൻ്റെയും നീന ബൻസാൽ കൃഷ്ണയുടെയും ബെഞ്ചാണ് കുനാൽ കപൂറിന് വിവാഹ മോചനം അനുവദിച്ചത്. ഭാര്യ കുനാൽ കപൂറിനെതിരായി കോടതിയില്‍ അടക്കം നടത്തിയ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും. ഇത്തരം ആരോപണങ്ങള്‍ നടത്തുന്നത് തന്നെ ക്രൂരതയാണ് എന്ന് കോടതി പറഞ്ഞു.ഇത്തരം ക്രൂരത സഹിച്ച് ഈ ബന്ധം മുന്നോട്ട് കൊണ്ടുപോകേണ്ടത് നാൽ കപൂറിന്‍റെ മാത്രം ഉത്തരവാദിത്വം അല്ലെന്നും കോടതി പറഞ്ഞു.
2008 ഏപ്രിലിലാണ് കുനാല്‍ വിവാഹിതനായത്. 2012 ൽ അവർക്ക് ഒരു മകൻ ജനിച്ചു. മാസ്റ്റർഷെഫ് ഇന്ത്യ എന്ന ടെലിവിഷൻ ഷോയിൽ വിധികർത്താവായിരുന്ന കപൂർ തൻ്റെ ഹരജിയിൽ തൻ്റെ ഭാര്യ തന്നെ നിരന്തരം അപമാനിച്ചെന്ന് ആരോപിച്ചിരുന്നു.