തിരുവനന്തപുരം > അരുണാചൽ പ്രദേശിൽ ദുരൂഹസാഹചര്യത്തിൽ മരണമടഞ്ഞ തിരുവനന്തപുരം സ്വദേശിനികളായ ദേവിയുടെയും സുഹൃത്ത് ആര്യയുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു. ഉച്ചയ്ക്ക് 12.30 ഓടെയാണ് മൃതദേഹങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ കൊണ്ടുപോയി എംബാമിങ് പൂർത്തിയാക്കിയാണ് വീടുകളിലേക്ക് കൊണ്ടുപോയത്. പൊതുദർശനത്തിനു ശേഷം വൈകിട്ട് തൈക്കാട് ശാന്തി കവാടത്തിൽ സംസ്കരിച്ചു. ദേവിയുടെ ഭർത്താവ് നവീന്റെ മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുപോയി.
ചൊവ്വാഴ്ചയാണ് അരുണാചലിലെ സിറോയിൽ മൂവരെയും ഹോട്ടൽമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ദുരൂഹസാഹചര്യത്തിലാണ് മൂവരുടെയും മരണം. ബ്ലാക് മാജിക് അടക്കമുള്ള കാര്യങ്ങൾ മരണത്തിന് പിന്നിലുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. ശരീരത്തിൽ വിവിധ മുറിവുകളുണ്ടാക്കി രക്തം വാർന്ന നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പുറമെ നിന്നുള്ള ഇടപെടലും സംശയിക്കുന്നുണ്ട്. മരണാനന്തര ജീവിതവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് മരണത്തിനുമുമ്പ് ഇവർ ഇന്റർനെറ്റിൽ തിരഞ്ഞിരിക്കുന്നത്.
മരിച്ച മൂന്നുപേരുടെയും ശരീരത്തിൽ ആഴത്തിൽ മുറിവുകൾ ഉണ്ടായിരുന്നു. സ്‌ത്രീകളുടെ വലത് കൈത്തണ്ടയിലും നവീന്റെ ഇടത് കൈത്തണ്ടയിലും മുറിവുണ്ട്. ആര്യയുടെ കഴുത്തിലും മുറിവുണ്ട്. രക്തം വാർന്ന് മരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ശരീരത്തിൽ മുറിവുകൾ ഉണ്ടാക്കിയതെന്നാണ് നിഗമനം. രക്തം കട്ട പിടിക്കാതെ വാർന്നുപോകാൻ മരുന്നും ഉപയോഗിച്ചതായി അരുണാചൽ പൊലീസ് പറഞ്ഞു. നവീൻ തോമസാണ് ഇവയുടെയെല്ലാം ബുദ്ധികേന്ദ്രമെന്നാണ് ആര്യയുടെ ബന്ധുക്കൾ ആരോപിക്കുന്നത്.